Idukki local

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല ; നൂറോളം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍; ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

ചെറുതോണി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുകയാണ്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമില്ലാത്തതാണ് വിദ്യാര്‍ഥികളുടെ പഠനത്തെയും ഭാവിയേയും തുലാസിലാക്കിയിരിക്കുന്നതെന്ന് കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് രാജ് പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പേര് മാറ്റി മെഡിക്കല്‍ കോളജ് ആക്കിയെങ്കിലും കോളജിന് വേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍കര്‍ഷിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
2014 സപ്തംബറില്‍ എംബിബിഎസ് ആദ്യ ബാച്ച് ആരംഭിച്ച കോളജില്‍ രണ്ട് ബാച്ചുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ആവശ്യത്തിന് അധ്യാപകരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ജില്ലാ ആശുപത്രി പൂര്‍ണമായി മെഡിക്കല്‍ കോളജിന്റെ കീഴിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കോളജിന്റെ ദുരവസ്ഥ സംബന്ധിച്ച് സ്ഥലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ടിസി വാങ്ങി അടിസ്ഥാന സൗകര്യങ്ങളുള്ള മറ്റ് കോളജുകളില്‍ ചേരാനായിരുന്നു നിര്‍ദേശമെന്നും ചെയര്‍മാന്‍ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളോ ദീര്‍ഘ വീക്ഷണമോ ഇല്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് മെഡിക്കല്‍ കോളജ് ആരംഭിച്ചതെന്ന് ചെയര്‍മാന്‍ ആരോപിച്ചു. ആവശ്യത്തിന് അധ്യാപകരോ പഠനാന്തരീക്ഷമോ സൗകര്യങ്ങളോ ഇല്ല.
പൂര്‍ണമായും ക്ലിനിക്കല്‍ ഓറിയന്റായി രോഗികളെ നേരില്‍ക്കണ്ട് പഠിക്കേണ്ട രണ്ടാംവര്‍ഷ എംബിബിഎസ് പഠനം നാല് ചുവരുകള്‍ക്കുള്ളിലും പുസ്തകങ്ങളിലും മാത്രമായി ഒതുങ്ങുകയാണ് ഇവിടെ. യാതൊരു പരിഹാരവുമില്ലാതെ തുടരുന്ന ഈ ദുരവസ്ഥയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഈ അവസ്ഥ ബോധിപ്പിക്കുന്നതിന് പല ഉന്നതാധികാരികളെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും കൈകൊള്ളാന്‍ അവര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. അനുദിനം വഷളാകുന്ന ഈ അവസ്ഥ അധികാരികളെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it