wayanad local

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത; സഞ്ചാരികള്‍ നിരാശയോടെ ചുരമിറങ്ങുന്നു

കല്‍പ്പറ്റ: അവധിക്ക് ജില്ലയിലെത്തിയ ടൂറിസ്റ്റുകളിലധികം പേരും ചുരമിറങ്ങിയതു നിരാശയോടെ. ടൂറിസം കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമൊരുക്കാത്തതും ജീവനക്കാരുടെ അപര്യാപ്തതയും സഞ്ചാരികളെ തെല്ലൊന്നുമല്ല വലച്ചത്.
നിശ്ചയിച്ച ടൂറിസം കേന്ദ്രങ്ങള്‍ കാണാതെയും ബോട്ടിങും മറ്റും നടത്താന്‍ കഴിയാതെയുമാണ് നൂറുകണക്കിന് സഞ്ചാരികള്‍ മടങ്ങിയത്. തോല്‍പ്പെട്ടിയിലും മുത്തങ്ങയിലും കാടുകാണാനാവാതെ നിരാശരായി മടങ്ങിയവരും ഏറെയാണ്. പൂക്കോടും ബാണാസുര സാഗറിലുമാണ് ബോട്ടിങുള്ളത്. എന്നാല്‍, രണ്ടിടത്തും ആവശ്യത്തിനു ബോട്ടും തൊഴിലാളികളുമില്ല. ബോട്ട് കിട്ടാത്തതിനാല്‍ മിക്ക ദിവസങ്ങളിലും സഞ്ചാരികള്‍ രണ്ടിടത്തും വലിയ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്.
ഇതു നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ രണ്ടായിരത്തോളവും അവധി ദിവസങ്ങളില്‍ 8,000 വരെയും സഞ്ചാരികള്‍ പൂക്കോടും ബാണാസുരസാഗറിലും എത്തുന്നുണ്ട്. ദിവസം ആയിരത്തോളം പേര്‍ക്കേ ബോട്ടിങ് നടത്താന്‍ പറ്റുന്നുള്ളൂ. ബാക്കിയുള്ളവര്‍ നിരാശരായി മടങ്ങുകയാണ്. ബോട്ടും സ്റ്റാഫും ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് ഡിടിപിസിക്ക് ഉണ്ടാവുന്നത്. ടുറിസ്റ്റുകള്‍ തൃപ്തരുമല്ല. പുതിയ തുഴച്ചില്‍ ജീവനക്കാരടക്കം 12 പേര്‍ കൂടിയുണ്ടെങ്കിലേ പൂക്കോട് സഞ്ചാരികള്‍ക്ക് ശരിയായ സേവനം നല്‍കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഡിടിപിസി പുതിയ നിയമനം നടത്തിയിട്ട് 10 വര്‍ഷമായി.
നവംബര്‍ മുതല്‍ മെയ് വരെ നീളുന്നതാണ് ജില്ലയിലെ സീസണ്‍. വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകള്‍ ഉണ്ടായിട്ടം സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതരുടെ അനാസ്ഥ സഞ്ചാരികളെ ജില്ലയില്‍നിന്ന് അകറ്റുകയാണ്. പുക്കോട് തടാകം, കുറുവാദ്വീപ്, ബാണാസുരസാഗര്‍, എടയ്ക്കല്‍ ഗുഹ എന്നിവിടങ്ങളിലാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. മേപ്പാടി മീന്‍മുട്ടിയും, സൂചിപ്പാറ വെള്ളചാട്ടവും ഇതുവരെ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. കര്‍ലാട് തടാകത്തില്‍ സാഹസിക ടൂറിസം ആഗസ്ത് ആദ്യവാരം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 13.4 ഏക്കറിലുള്ള തടാകത്തെ ദക്ഷിണേന്ത്യയില്‍ തന്നെ സാഹസിക ടൂറിസത്തിന്റെ ബേസ് ക്യാംപായി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.
Next Story

RELATED STORIES

Share it