ernakulam local

അടിയൊഴുക്കുകള്‍ വിധി നിര്‍ണയിച്ചു; കൊച്ചിക്ക് കൊച്ചിക്കാരന്‍ ഇനി സാരഥി

മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ കൊച്ചിക്കാരന്‍ വേണമെന്ന ആഗ്രഹം കെ ജെ മാക്‌സിയുടെ വിജയത്തിലൂടെ സിപിഎം സഫലീകരിച്ചു.
തുടക്കംമുതല്‍ ഒടുക്കംവരെ നേടിയ ലീഡ് വിട്ടുകൊടുക്കാതെ മുന്നേറിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ മാക്‌സിയുടെ വിജയം കോണ്‍ഗ്രസ്സില്‍നിന്നും സീറ്റ് പിടിച്ചെടുക്കല്‍ കൂടിയായിരുന്നു. ഈ മണ്ഡലത്തില്‍ സരിതയും ബാറുമായിരുന്നില്ല എല്‍ഡിഎഫ് മുന്നോട്ടുവച്ച വിഷയം. കൊച്ചിയില്‍ കൊച്ചിക്കാരന്‍ വേണോ പരദേശി വേണമൊ എന്നതായിരുന്നു.
യുഡിഎഫ് മുന്നോട്ടുവച്ചതാവട്ടെ 5 വര്‍ഷത്തെ വികസനമായിരുന്നു. ഫലം വന്നപ്പോള്‍ വികസനത്തെ ജനം പിന്തള്ളി കൊച്ചിക്കാരനെ പിന്തുണച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഡൊമിനിക്ക് പ്രസന്റേഷനെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്വന്തം ഗ്രുപ്പും കൈവിട്ട അദ്ദേത്തെ ഏഴാംതവണയും മല്‍സരിപ്പിക്കുന്നതിനെ വി എം സുധീരനും എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഈ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും യുഡിഎഫിനെ തുണച്ചിട്ടുള്ള മട്ടാഞ്ചേരിയൊടെപ്പം തീരദേശ മേഖലയായ ചെല്ലാനവും കുമ്പളങ്ങി പഞ്ചായത്തും കൂട്ടിച്ചേര്‍ത്ത കൊച്ചി മണ്ഡലം യുഡിഎഫ് സുരക്ഷിത മണ്ഡലമാണ്. പക്ഷെ സീറ്റില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനോട് പുരോഹിതരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം പരദേശി വേണ്ടെന്ന പ്രചാരണം അഴിച്ചു വിട്ടിരുന്നു. ഇത് മുതലെടുക്കാന്‍ കൊച്ചിക്ക് പുറത്തുള്ള സ്ഥാനാര്‍ഥിയെ ആലോചിച്ചിരുന്ന സിപിഎം തോപ്പുംപടി സ്വദേശിയായ മാക്‌സിയെ സ്ഥാനാര്‍ഥിയാക്കി കൊച്ചിയിലെ വോട്ടര്‍മാരില്‍ ചലനമുണ്ടാക്കി. അവരുടെ പ്രചാരണവും അത്തരത്തിലായിരുന്നു. അതിനു ഫലവും കണ്ടു. കോണ്‍ഗ്രസ് റിബലായിനിന്ന ചെല്ലാനം സ്വദേശി കെ ജെ ലീനസ് 7588 വോട്ടുകളാണ് നേടിയത്.
കോണ്‍ഗ്രസ്സിന് ഏറെ സ്വാധീനമുള്ള ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടുന്ന ആദ്യ റൗണ്ടില്‍ 644 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആരംഭിച്ച യാത്ര അവസാനം വരെ നിലനിര്‍ത്തി. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി എന്നല്ലാതെ ഒരിക്കല്‍പോലും ഡൊമിനിക്കിന് മാക്‌സിയെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല.
22 ബൂത്തുകള്‍ എണ്ണാനിരിക്കെ തന്നെ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ്സിന് ഏറെ സ്വാധീനമുള്ള കുമ്പളങ്ങിയിലെ 133ാം ബൂത്തിനും ഡൊമിനിക്കിനെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫിലെ അടിയൊഴുക്കുകളാണ് കൊച്ചിയിലെ വിധി നിര്‍ണയിച്ചത്. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി മേഖലയെല്ലാം തന്നെ എല്‍ഡിഎഫ് മേല്‍ക്കോയ്മ നേടി. പ്രചാരണ രംഗത്തും പ്രവര്‍ത്തന രംഗത്തും നന്നായി ഇടപെടാന്‍ യുഡിഎഫിന് കഴിയാതെ പോയതും ഡൊമിനിക്കിനെതിരേയുയര്‍ന്ന ആരോപണങ്ങള്‍ മറികടക്കുന്നതിന് യുഡിഎഫ് ശ്രമിക്കാതിരുന്നതും തിരിച്ചടിയായി.
സാധാരണ നിലയില്‍ യുഡിഎഫിന് ഭൂരിപക്ഷം നല്‍കുന്ന ഭാഗങ്ങളില്‍ പിന്നാക്കം പോയത് യുഡിഎഫില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസ്സില്‍ ചിലര്‍ തനിക്കെതിരേ നിന്നിട്ടുണ്ടെന്നും അത് കെപിസിസിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡൊമിനിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊച്ചിയുടേത് ചരിത്ര വിജയമാണെന്നും നിലവിലെ എംഎല്‍എയുടെ മണ്ഡലത്തോടുള്ള സമീപനവും ഭരണ വിരുദ്ധ വികാരവും തന്റെ വിജയത്തിന് കാരണമായതായി കെ ജെ മാക്‌സി പറഞ്ഞു. തന്നെ വിജയിപ്പിച്ചവരോട് മാക്‌സി നന്ദിയും രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it