kozhikode local

അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട്: കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വി കെ സി മമ്മദ്‌കോയ മേയര്‍ സ്ഥാനം രാജിവച്ചതിനാല്‍ ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശകിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
പന്നിയങ്കര കൗണ്‍സിലര്‍ കെ നിര്‍മലയ്ക്കും ഭര്‍ത്താവിനും സഹോദരനുമാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ കല്ലായി നാരായണമേനോന്‍ യുപി സ്‌കൂളിന്റെ മുന്നിലുടെയുള്ള മാനാരിയിലേക്കുള്ള റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തിനുശേഷമാണ് ഒരു സംഘം ആളുകള്‍ കൗണ്‍സിലറെ മര്‍ദ്ദിച്ചത്. പരിക്കേറ്റ കൗണ്‍സിലര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍ അഡ്വ. പി എം സുരേഷ് ബാബുവിന്റെ അടിയന്തരപ്രമേയത്തിനാണ് അനുമതി നിഷേധിച്ചത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന ആക്രമണമെന്ന പ്രമേയത്തിലെ പ്രയോഗമാണ് അവതരാണാനുമതി നിഷേധിക്കാന്‍ ഇടയാക്കിയത്. പ്രമേയം യോഗത്തില്‍ വായിച്ച ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ അപലപിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്‌ഐയോട് ആവശ്യപ്പെട്ടതായും അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അക്രമം അഴിച്ചുവിടുകയാണെന്ന തരത്തിലുള്ള പ്രമേയം വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ പറഞ്ഞു. അടിയന്തരപ്രമേയം തള്ളിയതായി അറിയിച്ചു. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റ് നിന്നു പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
താന്‍ ശ്രദ്ധാപൂര്‍വമാണ് പ്രമേയം എഴുതി തയ്യാറാക്കിയതെന്നും ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും അഡ്വ. പി എം സുരേഷ് ബാബു അറിയിച്ചു.
എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി എം സുരേഷ് ബാബു, എം കുഞ്ഞാമുട്ടി, അഡ്വ. ശരണ്യ. കെ സി ശോഭിത, ഉഷാദേവി ടീച്ചര്‍, ബീരാന്‍കോയ, സി അബ്ദുറഹ്മാന്‍, അഡ്വ. പി എം നിയാസ് തുടങ്ങിയവര്‍ എഴുന്നേറ്റു പോയി. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ അസാന്നിധ്യത്തില്‍ യോഗ നടപടികള്‍ തുടര്‍ന്നു. കൗണ്‍സിലര്‍മാരായ ലളിതപ്രഭ, എം എം പത്മാവതി, കെ കൃഷ്ണന്‍, പി കെ ശാലിനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.
ഞെളിയന്‍പ്പറമ്പ് ട്രഞ്ചിങ് ഗ്രൗണ്ട് ടെന്‍ഡര്‍ ഈ യോഗത്തില്‍ അടിയന്തമായി പാസാക്കണമെന്നും യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ അജണ്ട ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കണ്ടില്ലെന്ന് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന അജണ്ട പാസാക്കണമെന്നും യോഗത്തില്‍ അഭ്യര്‍ഥിച്ചു. വിഷയത്തില്‍ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. 141 അജണ്ടകള്‍ പാസാക്കി.
Next Story

RELATED STORIES

Share it