അടിയന്തരപ്രമേയ നോട്ടീസ് അവതരണം: സഭയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുന്ന കേസിനെക്കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ച് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ നിലപാടെടുത്തു.
എന്നാല്‍, ഇതിനെതിരേ ഭരണപക്ഷത്തുനിന്ന് മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തുകയായിരുന്നു. ചട്ടങ്ങളില്‍ ഭേദഗതി വരുത്താതെ കമ്മീഷനോ കോടതിയോ പരിഗണിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചെയറിന് വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ശിവദാസന്‍നായരും വ്യക്തമാക്കി. ചട്ടത്തിന് പുറത്തുള്ള കാര്യങ്ങള്‍ക്കാണ് സ്പീക്കറുടെ വിവേചനാധികാരത്തിന് പ്രസക്തിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കേസിന്റെ വിശദാംശങ്ങളെയോ അവസ്ഥയെയോ പരാമര്‍ശിക്കാത്ത തരത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്. സ്പീക്കര്‍ അവതരണാനുമതി നല്‍കിയിട്ടും എതിര്‍പ്പുയര്‍ത്തുന്ന ഭരണപക്ഷത്തിന്റെ സമീപനം ശരിയല്ലെന്ന് സി ദിവാകരനും അഭിപ്രായപ്പെട്ടു.
നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയ നയപ്രഖ്യാപനത്തിന് കെ മുരളീധരനാണ് നന്ദിപ്രമേയം അവതരിപ്പിച്ചത്. മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച ബഹളത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസമായി ചുരുക്കിയതായി സ്പീക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it