Idukki local

അടിമാലിയിലെ ബ്ലേഡ് മാഫിയ ആക്രമണം: അന്വേഷണം വഴിമുട്ടി

അടിമാലി: ബ്ലേഡ് മാഫിയ സംഘത്തിന്റെ നേതൃത്വത്തില്‍ കെട്ടിടം തകര്‍ക്കുകയും കുടുംബത്തെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണം വഴിമുട്ടി. കേസിലെ മുഖ്യപ്രതികളായ സിംഗപ്പൂര്‍ സ്വദേശി ബ്രൂസി പെരേര, ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയ ചാലക്കുടി സ്വദേശി ഷിയാസ് എന്നിവരെ പിടികൂടാനാവാത്തതാണ് പോലിസിന് വെല്ലുവിളിയായിരിക്കുന്നത്. ആക്രമണ കേസിലെ പത്തിലേറെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതികളെ പിടികൂടാനാവാത്തത് പോലിസിനെതിരേ പ്രതിഷേധത്തിന് കാരണമായി. പോലിസും ക്വട്ടേഷന്‍ സഘാംഗങ്ങളായ പ്രതികളും തമ്മില്‍ അവിശുദ്ധ ബന്ധമുള്ളതായി പ്രദേശവാസികള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അടിമാലി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലേഡ് വിരുദ്ധ സമിതിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പോലിസും കുറ്റവാളികളും തമ്മില്‍ ബന്ധമുള്ളതായി ബോര്‍ഡുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ മുഖ്യപ്രതികളെ സഹായിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബ്ലേഡ് വിരുദ്ധ സമിതി ആവശ്യപ്പെടുന്നു. ഇതിനിടെ ബോര്‍ഡിലെ ചില പരാമര്‍ശങ്ങള്‍ പെയിന്റ് ഉപയോഗിച്ച് ചിലര്‍ മായ്ച്ചതും വിവാദമായിട്ടുണ്ട്. ഇതിനിടെ ഇതേ കേസിലെ പ്രതികളായവര്‍ക്കെതിരേ കട്ടപ്പന, നെടുങ്കണ്ടം ഭാഗത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്ററായിട്ടുണ്ട്. ഈ കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി അന്വേഷണ സംഘം പറഞ്ഞു. ഇതിനിടെ സൂത്രധാരനായ ഷിയാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി നല്‍കിയെങ്കിലും ജാമ്യാപേക്ഷ തള്ളി. എന്നാല്‍ അപേക്ഷ തള്ളിയ സാഹചര്യത്തിലും ഇയാളെ പിടികൂടാന്‍ പോലിസിനായിട്ടില്ല. ഇതിനിടെ റിമാന്‍ഡിലായ പ്രതികള്‍ ജാമ്യത്തിനായി വിവിധ കോടതികളില്‍ അപേക്ഷ നല്‍കി.
Next Story

RELATED STORIES

Share it