അടിമത്ത സൂചികയില്‍ ഇന്ത്യ മുന്നിലെന്ന് റിപോര്‍ട്ട്

മെല്‍ബണ്‍: ഇന്ത്യയില്‍ ആധുനിക അടിമത്തത്തിനിരയാവുന്നവര്‍ 18 ദശലക്ഷത്തിലധികമെന്ന് ആസ്‌ത്രേലിയന്‍ സന്നദ്ധ സംഘടന വോക് ഫ്രീയുടെ റിപോര്‍ട്ട്. സംഘടന പുറത്തുവിട്ട 2016ലെ ആഗോള അടിമത്ത സൂചിക പ്രകാരം അടിമത്തമനുഭവിക്കുന്നവരുടെ എണ്ണം ഇന്ത്യയിലാണ് ഏറ്റവും കൂടുതലെന്നും പറയുന്നു. ഇന്ത്യയില്‍ ലൈംഗിക തൊഴിലും ഭിക്ഷാടനവുമുള്‍പ്പെടെ നിര്‍ബന്ധിതമായുള്ള ചൂഷണം നേരിടുന്ന ജീവനോപാധികള്‍ സ്വീകരിക്കേണ്ടി വരുന്നവരുടെ എണ്ണം 18.35 ദശലക്ഷമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
4.58 കോടി ആളുകളാണ് ലോകത്താകെ അടിമത്തമനുഭവിക്കുന്നത്. 2014ല്‍ ഇത് 3.58 കോടിയായിരുന്നു. 167 രാജ്യങ്ങളിലാണ് അടിമത്തം നിലനില്‍ക്കുന്നത്. ചൈന (33.9 ലക്ഷം), പാകിസ്താന്‍ (21.3 ലക്ഷം), ബംഗ്ലാദേശ് (15.3 ലക്ഷം) ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് അടിമത്ത സൂചികയില്‍ രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍, ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഉത്തരകൊറിയയിലാണ് അടിമത്തമനുഭവിക്കുന്നവരുടെ ശതമാനം കൂടുതല്‍. ജനസംഖ്യയുടെ 4.37 ശതമാനവും രാജ്യത്ത് അടിമത്തമനുഭവിക്കുന്നു. ഇന്ത്യയിലിത് ഒരു ശതമാനമാണ്.
ലക്ഷംബര്‍ഗ്, ഐര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആധുനിക അടിമത്തം കുറവെന്നും സൂചിക വ്യക്തമാക്കുന്നു. മനുഷ്യക്കടത്തിലൂടെയോ ബലപ്രയോഗം, ഭീഷണി, സാഹചര്യങ്ങളുടെ ചൂഷണം എന്നിവയിലൂടെയാണ് ഇത്തരം അടിമത്തത്തിലെത്തിപ്പെടുന്നതെന്നും ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഇരകള്‍ക്ക് പിന്നീട് പുറത്തു കടക്കാനാവില്ലെന്നും വോക് ഫ്രീ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it