Kerala

അടിപതറി മന്ത്രിമാര്‍; ശക്തി ക്ഷയിച്ച് ശക്തന്‍

അടിപതറി മന്ത്രിമാര്‍; ശക്തി ക്ഷയിച്ച് ശക്തന്‍
X
shakthan 01ഷബ്‌ന സിയാദ്

കൊച്ചി: സര്‍ക്കാരിനേറ്റ പതനത്തിന്റെ പ്രതീകം പോലെയായി നാല് മന്ത്രിമാരുടെയും ദയനീയ പരാജയം. ജനകീയ കോടതിയുടെ വിധിയെഴുത്തില്‍ നിന്നും കഷ്ടിച്ച് ചിലര്‍ രക്ഷപ്പെട്ടപ്പോള്‍ ചീഫ് വിപ്പും സ്പീക്കറും ശിക്ഷ ഏറ്റുവാങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്ന ത്യപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബു അടക്കം നാല് മന്ത്രിമാരാണ് പരാജയം ഏറ്റുവാങ്ങിയത്.
ചവറയില്‍ ഷിബു ബേബി ജോണും കൂത്തുപറമ്പില്‍ കെ പി മോഹനനും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയുമാണ് തുടരണം ഈ ഭരണമെന്ന് ആവര്‍ത്തിച്ചിട്ടും വിജയിക്കാന്‍ കഴിയാതെ പോയ മന്ത്രിമാര്‍. കാട്ടാക്കടയില്‍ നിന്നും ജനവിധി തേടിയ സ്പീക്കര്‍ എന്‍ ശക്തന്‍ 849 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയില്‍ 2,711 വോട്ടിനാണ് പിന്നിലായത്. പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്ക് എതിര്‍ സ്ഥാനാര്‍ഥി വി ശശികുമാറിനെക്കാള്‍ 579 വോട്ടാണ് കൂടുതല്‍ നേടാനായത്. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, അബ്ദുറബ്ബ്, അനൂപ് ജേക്കബ്, കെ ബാബു, കെ പി മോഹനന്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ രണ്ടാംസ്ഥാനത്തായിരുന്നു. എന്നാല്‍, പിറവത്ത് അനൂപ് ജേക്കബും തിരൂരങ്ങാടിയില്‍ അബ്ദുറബ്ബും നില മെച്ചപ്പെടുത്തിയപ്പോള്‍ കെ ബാബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെട്ടു.
അഴിമതി ആരോപണങ്ങളെ ഏറ്റുവാങ്ങിയ കെ എം മാണിയടക്കമുള്ളവര്‍ വിജയം കൈവരിച്ചപ്പോള്‍ ബാര്‍കോഴ വിവാദത്തില്‍ പെട്ട കെ ബാബുവിന് തിരിച്ചടിയാണുണ്ടായത്. എല്‍ഡിഎഫിന്റെ യുവ നേതാവായ എം സ്വരാജ് ബാബുവിനെക്കാള്‍ 4,467 വോട്ടാണ് കൂടുതല്‍ നേടിയത്. ഇത്തവണ 54,722 വോട്ട് മാത്രം നേടിയ കെ പി മോഹനന്‍ കെ കെ ശൈലജ ടീച്ചറോട് 12,291 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
മന്ത്രി ഷിബു ബേബി ജോണിനെ ചവറക്കാര്‍ പരാജയപ്പെടുത്തിയതോടെ ആര്‍എസ്പിയെ നിയമസഭയില്‍നിന്നു തുടച്ചുനീക്കി. ഇത്തവണ സിഎംപിയുടെ എന്‍ വിജയന്‍പിള്ളയോട് 6,189 വോട്ടിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പതിമൂന്നാം നിയമ സഭയിലേക്ക് മാനന്തവാടി മണ്ഡലത്തില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട പി കെ ജയലക്ഷ്മി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു. ഇത്തവണ എല്‍ഡിഎഫിലെ ഒ ആര്‍ കേളുവിനോട് വെറും 1,307 വോട്ടിന് ദയനീയമായി പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it