Middlepiece

അടവുനയമേ അടവുനയമേ വെളിച്ചമുണ്ടോ...?

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

കൊല്‍ക്കത്തയിലെ ചുവപ്പന്‍ സമ്മേളനം ജനകീയ ജനാധിപത്യ വിപ്ലവത്തിനുതകുംവിധം വഴിവിട്ട ചില തീരുമാനങ്ങളെടുത്തുവെന്നാണ് ഗോളാന്തരവാര്‍ത്ത. പ്ലീനം എന്നു വിളിക്കുന്ന ഈ അത്യപൂര്‍വ സംഗമം ചിലരെയൊക്കെ ചപ്ലീസാക്കാന്‍ പദ്ധതി തയ്യാറാക്കി എന്നതാണ് തങ്കലിപികളാല്‍ കുറിക്കേണ്ടത്. നിയമസഭാ മാമാങ്ക റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങാന്‍ ഇനി അധികം സമയമില്ല. റൈറ്റേഴ്‌സ് ബില്‍ഡിങ് പിടിച്ചടക്കി മമതാദീദിയെ കെട്ടുകെട്ടിക്കുക എന്നതാണ് വിപ്ലവത്തിന്റെ പ്രഥമലക്ഷ്യം. ഹുഗ്ലി നദിയിലെ പടക്കപ്പലില്‍നിന്ന് ആദ്യവെടി പൊട്ടുന്നതോടെ റെഡ്ഗാര്‍ഡുകള്‍ അണിനിരക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി വംഗനാട്ടില്‍ ഭരണമില്ല. എങ്ങും തൃണമൂലുകാരുടെ ഗുണ്ടായിസം. എംഎല്‍എമാരെ പോലും ചാക്കിട്ടുപിടിച്ചു. മ്മളെ ഓഫിസ് പലതും ഒറ്റരാത്രികൊണ്ട് ഗോമാതാവിന്റെ അനുയായികളുടെ താവളമാക്കി.
മ്മള് 34 കൊല്ലം ഭരിച്ചിരുന്നപ്പോള്‍ ഇതുപോലെ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നോ! എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തു. ചെങ്കൊടി വാനോളം പാറിച്ചില്ലേ? ബുദ്ധദേവനെപ്പോലെ ഒരു മുഖ്യനെ ഇനി ഈ ജന്മത്ത് കിട്ടുമോ? ബുദ്ധന്റെ ഭരണത്തില്‍ അസൂയപൂണ്ട നിങ്ങള്‍ നന്തിഗ്രാമില്‍ സിഐഎ ചാരന്മാരെ ഇറക്കി. ഗ്രാമീണരോട് നുണപറഞ്ഞും അവര്‍ക്ക് കോഴകൊടുത്തും പ്രതിവിപ്ലവം സംഘടിപ്പിച്ചു. നിങ്ങള്‍ നിങ്ങളുടെ ആളുകളെ തന്നെ വെടിവച്ചുകൊന്ന് ബുദ്ധനില്‍ കുറ്റം ചാര്‍ത്തി. നന്തിഗ്രാം വെടിവയ്പിന് ഉപയോഗിച്ച വെടിയുണ്ടകളില്‍ കാണുന്ന സിഐഎ മുദ്ര എന്തിന്റെ തെളിവാണ്? നന്തിഗ്രാമില്‍ യഥാര്‍ഥത്തില്‍ സാലിം ഗ്രൂപ്പിന്റെ രാസശാലയൊന്നും വരുന്നുണ്ടായിരുന്നില്ല. സിംഗൂരിലും നിങ്ങള്‍ കള്ളംപറഞ്ഞു. കാര്‍ ഫാക്ടറി വരാന്‍ ടാറ്റയില്‍നിന്ന് ഞങ്ങള്‍ ചില്ലറ വാങ്ങിയെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചില്ലേ. അങ്ങനെ വിപ്ലവസര്‍ക്കാരിനെ നിങ്ങള്‍ ചോരയില്‍ മുക്കിക്കൊന്നു. മറിച്ചായിരുന്നെങ്കില്‍ രാജ്യത്ത് ഇന്ന് ജനകീയ ജനാധിപത്യഭരണമായിരുന്നേനെ. എല്ലാം ക്ഷമിച്ചും പൊറുത്തും ഞങ്ങള്‍ ഗാന്ധിജിയെ വെല്ലുന്ന അഹിംസാവാദികളായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഞങ്ങള്‍ എത്രമാത്രം മര്‍ദ്ദനം ഏറ്റുവാങ്ങി. അപ്പോള്‍ മമതാദീദിയും പിന്തിരിപ്പന്മാരും ഇപ്രകാരം കോറസ് പാടി:
''മാളികമോളിലേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍.''
പാട്ടില്‍ ദുസ്സൂചനകള്‍ പലതുമുണ്ട്. ദന്തഗോപുരത്തിലെ രമണീയവാസമാണ് ഞങ്ങളെ കുത്തുപാളയെടുപ്പിച്ചത് എന്നാണ് അതിന്റെ ഒന്നാം നമ്പര്‍ സാരാംശം. നിങ്ങള്‍ക്ക് അങ്ങനെ പാടാം. അധികാരം ഞങ്ങള്‍ക്കൊരു ഭാരമായിരുന്നു. പിന്നെ ചക്കരക്കുടം എന്നാല്‍ എന്താണ് അര്‍ഥമെന്ന് അക്ഷരവൈരികളായ നിങ്ങള്‍ക്കറിയില്ലല്ലോ!
അതേ ചക്കരക്കുടം തിരിച്ചുപിടിക്കാന്‍ തന്നെയാണ് ഞങ്ങള്‍ പ്ലീനം സംഘടിപ്പിച്ചത്. എന്നാല്‍, റെഡ് ഗാര്‍ഡുകളില്‍ ചില മുമ്പന്മാര്‍ മമതാദീദിയുടെ കാല്തിരുമ്മാന്‍ പോയതിനാല്‍ ച്ചിരി ബലക്കുറവുണ്ട്. അതു പരിഹരിക്കാന്‍ അഴിമതി കാംഗ്രസ്സുമായി ഞങ്ങള്‍ നീക്കുപോക്കുണ്ടാക്കും. ദയവായി ഇതിനെ സഖ്യം എന്നു വിളിക്കരുത്. സിലിഗുഡി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വിപ്ലവകാരികള്‍ കാംഗ്രസ്സിന്റെ തോളില്‍ കൈയിട്ടതിനാല്‍ സംഭവിച്ച തിളക്കം ഓര്‍ക്കുമല്ലോ. അതാണ് നിയമസഭാ മാമാങ്ക വെടിക്കെട്ടില്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതൊരു അടവുനയമാണ്. അതായത് തൃണമൂലന്മാര്‍ അറിയാതെ സൃഷ്ടിച്ച വിടവിലൂടെ നുഴഞ്ഞുകയറുക. ശത്രുപാളയത്തെ ഓര്‍ക്കാപ്പുറത്ത് ആക്രമിക്കുക. വിപ്ലവചരിത്രത്തില്‍ ഇതു പുതിയതല്ലല്ലോ! കാംഗ്രസ് മൊത്തത്തില്‍ അഴിമതിയാണെങ്കിലും വംഗനാട്ടില്‍ ഇപ്പോള്‍ പഞ്ചപാവമാണ്. ഞങ്ങള് പറഞ്ഞാല്‍ ഓര് കേക്കും. ഓര്ക്കും ജീവിക്കേണ്ടേ?
മുമ്പും ഇത്തരം ധാരണയും നീക്കുപോക്കും വെള്ളപ്പൊക്കം പോലെ സംഭവിച്ചിരുന്നു. കാംഗ്രസ്സിനെ ദേശീയതലത്തില്‍ കെട്ടുകെട്ടിക്കാന്‍ വര്‍ഗീയ പശുവാദികളുമായി കൈകോര്‍ത്തു. അന്ന് പശുവാദികള്‍ ദുര്‍ബലഹൃദയരായിരുന്നു. ഇന്ന് പശുവാദികള്‍ ഭയങ്കരന്മാരാണ്. ദേശീയതലത്തില്‍ അവന്മാരെ പിടിച്ചുകെട്ടണം. അവന്മാര്‍ ദുര്‍ബലരാവുമ്പോള്‍ കാംഗ്രസ് തടിച്ച് ഭീകരന്മാരാവും. അപ്പോള്‍ കാംഗ്രസ്സിനെ വെറുതെവിടാന്‍ പറ്റില്ല. അതായത് മുഖ്യ ശത്രു കാലചക്രത്തിനനുസരിച്ച് മാറിമാറിക്കൊണ്ടിരിക്കും. ഋതുക്കളുടെ തമാശ എന്നേ കരുതേണ്ടൂ. ഇതിനാണ് വൈരുധ്യാത്മക ഭൗതികവാദത്തില്‍ അടവുനയം എന്നു പറയുന്നത്.
പ്ലീനം എന്ന ഡിസംബര്‍ തമാശയ്ക്കിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ ഒരുപാട് സേവിച്ചവര്‍ക്ക് ഇനി നിര്‍ബന്ധിത വിരമിക്കലായിരിക്കും. വീട്ടിലിരുന്ന് അവര്‍ക്ക് സൈ്വരമായി ആത്മകഥയെഴുതാം. അധികാരസ്ഥാനങ്ങളിലേക്ക് അടുപ്പിക്കില്ല. വി എസിന് ഇതു ബാധകമാവുമോ? അക്കാര്യം പാലക്കാടന്‍ പണിക്കര്‍ കവടി നിരത്തി തീരുമാനിക്കും.
Next Story

RELATED STORIES

Share it