Middlepiece

അടവുനയത്തിലെ 'യെസും' 'നോ'യും

അടവുനയത്തിലെ യെസും നോയും
X
slug-madhyamargamചെങ്കൊടിക്ക് കരുത്ത് നഷ്ടപ്പെട്ട കൊല്‍ക്കത്തയില്‍ പ്രചാരണകോലാഹലങ്ങളോടെ സിപിഎം സംഘടിപ്പിച്ച പ്ലീനത്തിന്റെ ബാക്കിപത്രം എന്താണ്?
അടവുനയം. പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം രൂപീകരിക്കപ്പെടുക. അതിനിടയില്‍ നയത്തില്‍ അല്‍പ്പം വെള്ളം ചേര്‍ക്കണമെങ്കില്‍ കേന്ദ്രകമ്മിറ്റിക്ക് പ്രമേയം പാസാക്കാം. പിന്നീട് കോണ്‍ഗ്രസ്സില്‍ വച്ച് അംഗീകാരം തേടിയാല്‍ മതിയാവും. ചേര്‍ക്കുന്ന വെള്ളം കൂടിയാല്‍ പ്രശ്‌നമാവും. പാര്‍ട്ടി ഇപ്പോഴും ലെനിനിസ്റ്റ് സംഘടനാരീതിയാണ് പിന്തുടരുന്നതെന്നതിനാല്‍ സംഘടനാകാര്യത്തില്‍ തലനാരിഴ മാറാനോ തിരിയാനോ നിവൃത്തിയില്ല. പ്ലീനത്തില്‍ നയത്തെപ്പറ്റി തിരിഞ്ഞും മറിഞ്ഞും ചര്‍ച്ചയാവാം. മറുപടിയാവാം. പക്ഷേ, തീരുമാനമുണ്ടാവില്ല. നയരൂപീകരണത്തിന് പ്ലീനത്തിന് വകുപ്പില്ല. എന്നാല്‍, നയത്തിന്റെ തൊട്ട് താഴെ കിടക്കുന്ന അടവുനയം തീരുമാനിക്കാന്‍ പ്ലീനത്തിന് അധികാരമുണ്ട്. നയവും അടവുനയവും തമ്മില്‍ ആനയും ആനമാര്‍ക്ക് ബീഡിയും പോലെയുള്ള വ്യത്യാസമുണ്ട്.
നയവും അടവുനയവും തമ്മിലുള്ള വ്യത്യാസം ചുരുക്കി ഒറ്റവാക്കില്‍ പറയാം. നയം ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അടവുനയം ജനങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്തതാണ്. നയത്തിന്റെ പിന്നിലുള്ള അടവ് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ അനുഭവത്തില്‍നിന്നു മാത്രമേ അടവിനെ പിടി കൂടാനാവൂ.
കൊല്‍ക്കത്താ പ്ലീനം കൈക്കൊണ്ട രഹസ്യമായ അടവുനയം ചരിത്രസംഭവമോ ചരിത്രമണ്ടത്തരമോ എന്നത് മാസങ്ങള്‍ക്കു ശേഷമേ വിലയിരുത്താനാവൂ. വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം കഴിഞ്ഞാലേ അടവുനയത്തിന്റെ വിജയ പരാ ജയം നിര്‍ണയിക്കാനാവൂ.
വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമായ ഒരു നയം രൂപീകരിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്നതാണ് ആ നയം. പാറപോലെ ഉറച്ചുനില്‍ക്കുന്ന ഈ നയത്തെ അടവിലൂടെ എങ്ങനെ പതുക്കെ ഇളക്കാമെന്ന അഭ്യാസമാണ് പ്ലീനം ചര്‍ച്ച ചെയ്തത്. നയം ഒട്ടാകെ മറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കിയാല്‍ സംഘടനാപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. മൂന്നരപ്പതിറ്റാണ്ട് ചെങ്കൊടി പാറിച്ച ബംഗാളില്‍ ഈ കൊടി കെട്ടാന്‍ ഒരു വടി വേണമെങ്കില്‍ പാര്‍ട്ടിക്ക് ഒരു കൈ സഹായം ആവശ്യമാണ്. ബംഗാള്‍ ഘടകം ഊണും ഉറക്കവും ഒഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്ത് സഹായം അനിവാര്യമാണെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി ഇങ്ങനെ നിഗമനത്തിലെത്തിച്ചേര്‍ന്നപ്പോഴാണ് അദ്ദേഹത്തെ പിടിച്ചു പുറത്താക്കിയത്.
കൈ സഹായത്തിന് ആക്കംകൂട്ടുക എന്ന ലക്ഷ്യത്തോടെയാണത്രെ പ്ലീനത്തിന്റെ സംഘാടനം ഏറ്റെടുക്കാന്‍ ബംഗാള്‍ ഘടകം തയ്യാറായത്. കൈ സഹായ അടവില്ലെങ്കില്‍ ബംഗാള്‍ ഘടകം ആകെ തളര്‍ന്നുപോവും. മാത്രമല്ല, മമത ബാനര്‍ജിയെ ചെറുത്തുതോല്‍പിക്കാന്‍ കോണ്‍ഗ്രസ്സല്ല, ഏത് ചെകുത്താനുമായി കൂട്ടുകൂടുന്നതിലും യാതൊരു തെറ്റുമില്ലെന്ന് ബംഗാള്‍ സിപിഐ ഘടകം നയം വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ കൈ സഹായ അടവുനയം ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണെന്നത് മറ്റൊരു ആശ്ചര്യം. വിശ്വസിക്കാന്‍കൊള്ളാത്ത ചീഞ്ഞളിഞ്ഞ സംസ്‌കാരമുള്ള ബൂര്‍ഷ്വാ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് സഖാവ് കാരാട്ട് യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതു മുതല്‍ പ്രസംഗിച്ചു നടക്കുന്നത്. അസാധാരണമായ രാഷ്ട്രീയസാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ പുനപ്പരിശോധിക്കാമെന്ന സഖാവ് കാരാട്ടിന്റെ വാക്കുകളാണ് അടവുനയത്തിന്റെ പ്രത്യയശാസ്ത്രപരമായ ശക്തി. $
Next Story

RELATED STORIES

Share it