അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനം

തിരുവനന്തപുരം: കോടതി വിധിയനുസരിച്ച് അടച്ചുപൂട്ടിയ സംസ്ഥാനത്തെ നാലു സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എയുപിഎസ്, പാലോട്ട് എയുപിഎസ്, തൃശ്ശൂര്‍ ജില്ലയിലെ വേളൂര്‍ പിഎംഎല്‍പിഎസ്, മലപ്പുറം മങ്ങാട്ടുമുറി എഎംഎല്‍പിഎസ് എന്നീ സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലാഭകരമല്ലാത്തതിനാല്‍ കോടതി വിധിയനുസരിച്ചാണ് ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കുന്നതിന്റെ മുന്നോടിയായി കരട് ധവളപത്രത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന ധവളപത്രം നിയമസഭയില്‍ വയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം നിയമാനുസൃതമായി അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍, ഔദ്യോഗിക അംഗങ്ങള്‍ക്ക് കാലാവധി തീരുന്നതുവരെ തുടരാം. അഡ്വ. ജി പ്രകാശിനെ സുപ്രിംകോടതി സ്റ്റാന്റിങ് കൗണ്‍സലായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Next Story

RELATED STORIES

Share it