Kerala

അഞ്ജുവിന്റെ സഹോദരന് നിര്‍ദിഷ്ട യോഗ്യതയില്ല; നിയമനം പ്രത്യേക പരിഗണനയോടെ

അഞ്ജുവിന്റെ സഹോദരന് നിര്‍ദിഷ്ട യോഗ്യതയില്ല; നിയമനം പ്രത്യേക പരിഗണനയോടെ
X
anju-baby-georgeതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമനം നല്‍കിയത് നിര്‍ദിഷ്ട യോഗ്യതയില്ലാതെയാണെന്ന് രേഖകള്‍. യോഗ്യത ഇല്ലാത്തതിനാല്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അജിത് മാര്‍ക്കോസിന് ജോലി നല്‍കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ജോലിക്ക് അപേക്ഷിക്കുന്നത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെങ്കിലും നിയമനം ലഭിച്ചത് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷമാണ്.
ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം, എന്‍ഐഎസ് ഡിപ്ലോമ, രാജ്യാന്തര തലത്തില്‍ പരിശീലകനായി പ്രവര്‍ത്തനപരിചയം തുടങ്ങിയവയൊക്കെയാണ് ഈ തസ്തികയില്‍ അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യത. ഈ യോഗ്യതകള്‍ അജിത് മാര്‍ക്കോസിന് ഉണ്ടായിരുന്നില്ല. യോഗ്യതയില്ലെന്നു കാണിച്ച് മുന്‍ കൗണ്‍സില്‍ തള്ളിയ അപേക്ഷയിലാണ് പിന്നീട് നിയമനം ലഭിച്ചതെന്നും വ്യക്തമായി
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്‍ 2016 മാര്‍ച്ചിലാണ് അജിത് മാര്‍ക്കോസ് ജോലിയില്‍ പ്രവേശിച്ചത്. മുമ്പ് ബോബി അലോഷ്യസ് ജോലിചെയ്തിരുന്ന തസ്തികയായിരുന്നു ഇത്. 2015 ഫെബ്രുവരിയിലാണ് അജിത് മാര്‍ക്കോസ് ജോലിക്ക് അപേക്ഷിച്ച് കായികവകുപ്പിന് കത്തു നല്‍കിയത്. ഈ അപേക്ഷ കായികവകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി. എന്നാല്‍, ഈ തസ്തികയില്‍ നിയമനം ലഭിക്കുന്നതിന് ആവശ്യമായ യോഗ്യത ഇല്ലെന്നു ചൂണ്ടിക്കാട്ടി പത്മിനി തോമസ് പ്രസിഡന്റായിരുന്ന മുന്‍ കൗണ്‍സില്‍ അപേക്ഷ തള്ളി. യോഗ്യതയില്ലാതെ നിയമനം നല്‍കുന്നതിന് സ്‌പെഷ്യല്‍ റൂള്‍സ് ഇല്ലെന്നും കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അജിത് മാര്‍ക്കോസിന്റെ അപേക്ഷ പ്രത്യേക വിഷയമായി പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ന്നാണ് അജിത് മാര്‍ക്കോസിന് നിയമനം ലഭിച്ചത്. അഞ്ജു ബോബി ജോര്‍ജ് ചുമതലയേറ്റ് മൂന്നു മാസത്തിനു ശേഷമായിരുന്നു ഇത്. പ്രീജ ശ്രീധരന്‍, സജീഷ് ജോസഫ്, സിനിമോള്‍ പൗലോസ് എന്നിവരുടെ പരിശീലകനായിരുന്നു അജിത് മാര്‍ക്കോസ് എന്നു കാട്ടിയായിരുന്നു സര്‍ക്കാര്‍ നിയമനം നല്‍കിയത്.
Next Story

RELATED STORIES

Share it