അഞ്ജലി വധക്കേസ്: ഭര്‍തൃമാതാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയത്തില്‍ അഞ്ജലി(മോളമ്മ-31)യെ കൊക്കയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃമാതാവ് പ്രഭാവതി(62)യെ പോലിസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലായിരുന്ന ഇവര്‍ നാട്ടില്‍ മടങ്ങിയെത്തിയ ഉടനെയായിരുന്നു അറസ്റ്റ്.
ഡിവൈഎസ്പി കെ ശ്രീകുമാര്‍, സിഐ സഖറിയ, ചിങ്ങവനം എസ്‌ഐ എം എസ് ഷിബു, എഎസ്‌ഐമാരായ കെ കെ റെജി, രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണ് പ്രഭാവതി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഒന്നാംപ്രതി, അഞ്ജലിയുടെ ഭര്‍ത്താവ് പ്രദീപ്കുമാറിനെ(39) 2013 സപ്തംബര്‍ 13നും മൂന്നാംപ്രതി പ്രദീപിന്റെ പിതാവ് ഗോപിയെ(65) അഞ്ചുമാസം മുമ്പും അറസ്റ്റു ചെയ്തിരുന്നു.
അഞ്ജലിയെ പ്രദീപ് കൊലപ്പെടുത്തിയത് മറച്ചുവച്ച് കേസ് വഴിതെറ്റിച്ചുവെന്നാണ് പ്രഭാവതിക്കെതിരേയുള്ള കേസ്. പ്രദീപ് അഞ്ജലിയ വിവാഹം ചെയ്തശേഷം അര്‍ച്ചന, സിനി എന്നീ രണ്ടു യുവതികളെക്കൂടി വിവാഹം കഴിച്ചിരുന്നു. ഈ വിവാഹങ്ങള്‍ക്ക് പിതാവു ഗോപിയും മാ—താവ് പ്രഭാവതിയും സാക്ഷികളായിരുന്നു. 2009 ഒക്ടോബര്‍ 27നായിരുന്നു ബൈക്കപകടത്തെത്തുടര്‍ന്ന് കിടപ്പിലായ അഞ്ജലിയെ ജൂസില്‍ ഉറക്കഗുളിക കലക്കി നല്‍കി മയക്കി വാഗമണ്ണിലെ കൊക്കയില്‍ എറിഞ്ഞു കൊന്നത്. തുടര്‍ന്ന് അഞ്ജലിയെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനാത്തില്‍ ചിങ്ങവനം പോലിസ് അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാനാവാതെ എഴുതിത്തള്ളുകയായിരുന്നു.
എന്നാല്‍, ചങ്ങനാശ്ശേരി ഡിവെഎസ്പി രാജീവ്, സി ഐ നിഷാദ്‌മോന്‍ എന്നിവര്‍ നടത്തിയ തുടരന്വേഷണത്തില്‍ പ്രദീപിനെ ആദ്യം അറസ്റ്റു ചെയ്യുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രദീപിന്റെ പിതാവിനേയും അറസ്റ്റു ചെയ്യുകയായിരുന്നു. അഞ്ജലിയുടേതെന്നു സംശയിക്കുന്ന അസ്ഥിയുടെ ഭാഗങ്ങള്‍ വാഗമണ്ണിലെ കൊക്കയില്‍ നിന്നു കണ്ടെത്തി ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലേക്കുയച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it