Pathanamthitta local

അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്റ്  പദവി സംബന്ധിച്ച് അനിശ്ചിതത്വം

തിരുവല്ല: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 19ന് നടക്കാനിരിക്കെ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ് പദവി സംബന്ധിച്ച് ധാരണ ആയിട്ടില്ല. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നെടുമ്പ്രം പഞ്ചായത്തില്‍ വി കെ സുനില്‍കുമാര്‍ പ്രസിഡന്റാവുമെന്ന് പാര്‍ട്ടിയില്‍ ഏകദേശ ധാരണയായതായാണ് അറിയുന്നത്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള ഏക പഞ്ചായത്ത് പെരിങ്ങരയാണ്. ആകെയുള്ള 15 വാര്‍ഡുകളില്‍ യുഡിഎഫിന് എട്ട് സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിനും കേരളാ കോണ്‍ഗ്രസ്സിനും നാലു സീറ്റുകള്‍ വീതം തുല്യമായി ലഭിച്ചതിനാല്‍ ഇരു പാര്‍ട്ടികളും രണ്ടര വര്‍ഷം വീതം പ്രസിഡന്റ് പദവി പങ്കിടുമെന്ന് ധാരണയായിട്ടുണ്ട്. എന്നാല്‍ ആദ്യം ആര്‍ക്കെന്നോ, ആരെന്നോ ഇതുവരെ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ്സില്‍ മുന്‍ പ്രസിഡന്റുന്മാരായ മിനിമോള്‍ ജോസ്, ഏലിയാമ്മ തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്. കേരളാ കോണ്‍ഗ്രസ്സില്‍ യാതൊരു തീരുമാനവും ആയിട്ടില്ല.
കുറ്റൂര്‍ പഞ്ചായത്തില്‍ ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായ ബിജെപി ഏതുവിധേനയും അധികാരത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍ ബിജെപി യെ ഒഴിവാക്കി ഭരണത്തിലെത്താന്‍ എല്‍ഡിഎഫ് തന്ത്രങ്ങള്‍ മെനയുകയാണ്. ഇവിടെ ബിജെപി- 6, എല്‍ഡിഎഫ്- 5, യുഡിഎഫ്-2, സ്വതന്ത്ര- 1 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി സ്വതന്ത്ര്യയെ ഡമീപിച്ച് പിന്തുണ
തേടിയിട്ടുണ്ടെങ്കിലും എല്‍ഡിഎഫും സ്വതന്ത്രിയെ ആശ്രയിച്ചിട്ടുണ്ട്. കേവലം രണ്ടു സീറ്റുകള്‍ നേടിയ യുഡിഎഫിന് ഭരണത്തില്‍ നിന്നു ബിജെപി യെ ഒഴിവാക്കണമെന്ന് മാത്രമാണ് ആഗ്രഹമുള്ളത്. ഇതിനായി എല്‍ഡിഎഫ് വന്നാലും തെറ്റില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള നിരണം പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റ് ലതാ പ്രസാദ് പ്രസിഡന്റായേക്കും.
യുഡിഎഫും എല്‍ഡിഫും ഏഴ് സീറ്റുകള്‍ വീതം നേടി തുല്യത പാലിച്ച കടപ്ര പഞ്ചായത്തില്‍ ആര്‍ ഭരിക്കണമെന്ന് തീരുമാനിക്കുക ഇവിടെ വിജയിച്ച ഏക സ്വതന്ത്രനാണ്. സ്വതന്ത്രനുവേണ്ടി ഇരു കൂട്ടരും ശ്രമിക്കുന്നുണ്ടെങ്കിലും ആര് വിജയിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.
Next Story

RELATED STORIES

Share it