അഞ്ചു സംസ്ഥാനങ്ങളില്‍ പ്രൈമറി അടുത്ത ചൊവ്വാഴ്ച; ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ട്രംപും ഹിലരിയും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുപ്രധാന മല്‍സരം നടന്ന ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും വിജയിച്ചു. ഹിലരിയും ട്രംപും ഇതോടെ സ്ഥാനാര്‍ഥിത്വത്തോട് കൂടുതല്‍ അടുത്തിരിക്കുകയാണ്.
ജന്മദേശമായ ന്യൂയോര്‍ക്കില്‍ ട്രംപിന് വന്‍വിജയമാണ് നേടാനായത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ട്രംപിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടേണ്ടതുണ്ട്. ന്യൂയോര്‍ക്കില്‍ 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 60 ശതമാനവും നേടിയത് ട്രംപായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ജോണ്‍ കാസിച്ച് ആണ് രണ്ടാം സ്ഥാനത്തുള്ളത്. കാസിച്ച് 25 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇതുവരെ നടന്ന വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ക്രൂസിനു 15 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ന്യൂയോര്‍ക്കില്‍ ഏറ്റ തിരിച്ചടിക്ക് തെക്കന്‍ ഉള്‍ സംസ്ഥാനങ്ങളില്‍ പകരംചോദിക്കാനാണ് ക്രൂസ് കണക്കുകൂട്ടുന്നത്.
ന്യൂയോര്‍ക്ക് മുന്‍ സെനറ്ററും ന്യൂയോര്‍ക്കില്‍ നിന്നു രണ്ടുതവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഹിലരി ക്ലിന്റണ്‍ ബെര്‍ണി സാന്റേഴ്‌സിനെതിരേ ശക്തമായ വിജയം നേടി. ക്ലിന്റണ്‍ 57.5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ സാന്‍ഡേഴ്‌സ് നേടിയത് 42.5 ശതമാനം വോട്ടുകളാണ്.
ഇതുവരെ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ന്യൂയോര്‍ക്ക് പ്രൈമറി. അടുത്ത ചൊവ്വാഴ്ച അഞ്ചു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രൈമറി വോട്ടെടുപ്പ് നടക്കും. ഇതിനായി പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപും ഹിലരിയും. അതേസമയം, ട്രംപും ക്രൂസും അമേരിക്കയുടെ ലക്ഷ്യത്തെ അപകടകരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് ഹിലരി ആരോപിച്ചു.
Next Story

RELATED STORIES

Share it