Kollam Local

അഞ്ചലില്‍ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയെന്ന് ആക്ഷേപം

അഞ്ചല്‍: കന്നുകാലികച്ചവടത്തിന് പ്രസിദ്ധമെങ്കിലും അഞ്ചലില്‍ കന്നുകാലിചന്ത പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളില്ലാതെയെന്ന് ആക്ഷേപം. അഞ്ചല്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് പ്രസിദ്ധമായ കന്നുകാലിചന്ത പ്രവര്‍ത്തിക്കുന്നത്.

ആഴ്ചയില്‍ രണ്ടുദിവസം കന്നുകാലി കച്ചവടം പൊടിപൊടിക്കുന്ന ചന്തയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കച്ചവടത്തിനായി എത്തുവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ കന്നുകാലി കച്ചവടം നടക്കുന്നത്.
കന്നുകാലിചന്തയില്‍ ആകെയുള്ളത് മണ്ണെടുത്ത് നികത്തിയ സ്ഥലം മാത്രമാണ്. ചന്തദിവസങ്ങളില്‍ നൂറുകണക്കിന് കന്നുകാലികളെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടെയെത്തിച്ച് വില്പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍പോലും കച്ചവടത്തിനായി അഞ്ചല്‍ കന്നുകാലിചന്തയിലെത്തുന്നുണ്ട്. മുന്‍പ് പുലര്‍ച്ചെ ഒന്നുമുതല്‍ ആരംഭിച്ചിരുന്ന ചന്ത ഏതാനും മാസമായി രാവിലെ നാലരയോടെയാണ് ആരംഭിക്കുന്നത്.
കന്നുകാലികച്ചവടത്തിന്റെ സമയം മാറ്റുന്നതിന് താല്‍പര്യം കാണിച്ച ഭരണസമിതി ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കന്നുകാലിയൊന്നിന് 20 രൂപയാണ് ചന്തയില്‍ നിന്നും പിരിച്ചെടുക്കുന്നത്. ചന്തയിലെത്തിക്കുന്ന കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുന്നതിനുപോലും കച്ചവടക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.
സമീപത്തെ തോട്ടില്‍ നിന്നാണ് ഇവയ്ക്ക് വെള്ളം കൊടുത്തിരുന്നത്. എന്നാല്‍ തോട്ടില്‍ വെള്ളം വറ്റിയതോടെ ഇപ്പോള്‍ പണം കൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗവും. ഒരു കിണറും ശൗചാലയവും നിര്‍മിച്ചു നല്‍കിയാല്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നിരിക്കെ പഞ്ചായത്ത് ഭരണസമിതി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ കാലിചന്തയില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള പൊതുചന്തയില്‍ വിവിധ പദ്ധതികളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് അവയെല്ലാം ഉപയോഗരഹിതമായ അവസ്ഥയിലാണ്. മാലിന്യസംസ്‌കരണ പ്ലാന്റ്, മത്സ്യവില്പനശാല എന്നിവയ്ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഇവയെല്ലാം ഇപ്പോള്‍ പ്രയോജനമില്ലാതെ ഉപേക്ഷിച്ച നിലയിലാണ്.ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളുടെ പേരില്‍ അനാവശ്യമായി ചെലവഴിക്കുന്ന ഫണ്ടിന്റെ ചെറിയൊരുവിഹിതം കന്നുകാലിചന്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിച്ചാല്‍ അത് നൂറുകണക്കിന് കാലികച്ചവടക്കാര്‍ക്ക് പ്രയോജനം ചെയ്യും. അഞ്ചല്‍ കന്നുകാലിചന്തയിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it