അച്ചടി മാധ്യമരംഗത്ത്  5.8 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: 2014-15 സാമ്പത്തികവര്‍ഷം രാജ്യത്തെ അച്ചടി മാധ്യമരംഗത്ത് 5.8 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പേഴ്‌സ് രജിസ്ട്രാറുടെ റിപോര്‍ട്ട്. പുതുതായി 5,817 പ്രസിദ്ധീകരണങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആരംഭിച്ചത്. ഇതോടെ രാജ്യത്തെ അച്ചടി മാധ്യമങ്ങളുടെ ആകെ എണ്ണം 10,5443 ആയി. ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങളുള്ളത്. 42,493 എണ്ണം. ഇംഗ്ലീഷ് ഭാഷയില്‍ 13,661 പ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നു. രാജ്യത്ത് 14,984 പത്രങ്ങളും 90,459 ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 34 അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിയതായും റിപോര്‍ട്ടിലുണ്ട്.
സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നത്. 16,130 എണ്ണം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാംസ്ഥാനത്ത് ഡല്‍ഹിയുമാണ്. അച്ചടി മാധ്യമങ്ങളുടെ ആകെ പ്രചാരം 2014-15 വര്‍ഷത്തില്‍ 510,521,445 ആയി ഉയര്‍ന്നിട്ടുണ്ട്. 2013-14 സാമ്പത്തികവര്‍ഷം ഇത് 45,05,86,212 ആയിരുന്നു. ബംഗാളി ദിനപത്രം ആനന്ദ ബസാര്‍ പത്രികയുടെ കൊല്‍ക്കത്ത എഡിഷനാണ് പ്രചാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ദിനപത്രം. പ്രതിദിനം 11,78,779 പ്രതികളാണ് പത്രം വിറ്റഴിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹി എഡിഷനാണ് ദിനപത്രങ്ങളുടെ പ്രചാരത്തില്‍ രണ്ടാംസ്ഥാനമെന്നും റിപോര്‍ട്ട് പറയുന്നു.
ജലന്ധറില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പഞ്ചാബ് കേസരിയാണ് ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രം. എല്ലാ എഡിഷനുകളും പരിഗണിക്കുമ്പോള്‍ ദിനപത്രങ്ങളില്‍ ദ ടൈംസ് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരം. ദൈനിക് ഭാസ്‌കറിനാണ് രണ്ടാംസ്ഥാനം.
Next Story

RELATED STORIES

Share it