malappuram local

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം മാര്‍ച്ച് 14ന് ഉദ്ഘാടനം ചെയ്യും

മലപ്പുറം: അങ്ങാടിപ്പുറം മേല്‍പാലത്തിന്റെ സ്ലാബ് ജോലികള്‍ ഇന്ന് പൂര്‍ത്തിയാവുമെന്നും മാര്‍ച്ച് 14ന് ഉദ്ഘാടനം നടത്തുമെന്നും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അധ്യക്ഷനായി. എല്‍പിഎസ്എ, യുപിഎസ്എ അറബിക് ഒഴിവുകള്‍ പിഎസ്‌സിക്ക് യഥാസമയം റിപോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി പി ഉബൈദുല്ല എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു. ഫിക്‌സേഷനു ശേഷമേ പുതിയ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാനാവൂവെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പി ഉബൈദുല്ല എംഎല്‍എയെ അറിയിച്ചു. കോട്ടപ്പടി- തിരൂര്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിലെ ട്രാന്‍സ്‌ഫോമര്‍ തിങ്കളാഴ്ച മാറ്റിസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
മോങ്ങം മലയംതൊടി കുടിവെള്ള പദ്ധതി ഉടന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കുഴിമണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖ കടുങ്ങല്ലൂരില്‍ ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതില്‍ പി കെ ബഷീര്‍ എംഎഎ അമര്‍ഷം രേഖപ്പെടുത്തി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ റിപോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനിലെ റോഡുകളുടെ നവീകരണത്തിന് 50 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും ചീഫ് എന്‍ജിനീയറുടെ ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും പിഡബ്യൂഡി. ബില്‍ഡിങ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന്റെയും ജില്ലാ ആസൂത്രണ സമുച്ചയത്തിന്റെയും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍മിതി കേന്ദ്ര, പിഡബ്യുഡി ബില്‍ഡിങ്‌സ് എന്നിവയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പൊന്നാനി തീരപ്രദേശത്തിന് 80 മീറ്റര്‍ കടല്‍ ഭിത്തി കെട്ടിയതില്‍ മൈലാഞ്ചിക്കടവ് ഭാഗത്ത് 30 മീറ്റര്‍ പൊളിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
വണ്ടൂരിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കുന്നതിന് പഴയ ഗ്രാമീണ കുടിവെള്ള പദ്ധതി വിപുലീകരണം ആവശ്യമാണെന്നും നിലവിലെ പരിമതികള്‍ക്കിടയിലും പരമാവധി എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ടെന്നും കേരള വാട്ടര്‍ അതോറിറ്റി അധികൃതര്‍ മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദിനെ അറിയിച്ചു.
യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ കെ നാടിക്കുട്ടി, തിരൂര്‍ ആര്‍ഡിഒ ഡോ. ജെ ഒ അരുണ്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it