malappuram local

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണം; ദേശീയപാത 213ല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാത 213 ല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ രാവിലെ പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കിയ സാഹചര്യത്തിലാണു നിയന്ത്രണം പിന്‍വലിച്ചതെന്ന് സബ് കലക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.
ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബര്‍ 10 മതല്‍ നടപ്പാക്കിയിരുന്ന വണ്‍വേ സംവിധാനം ഇതോടെ നിര്‍ത്തലാക്കി. അതേസമയം, ഇരുഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം പ്രത്യേകം സര്‍വീസ് റോഡുകളിലൂടെയാണു നടപ്പാക്കിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേയ്ക്കു പോവുന്ന ബസ്സുകളും വലിയ വാഹനങ്ങളും തെക്കു ഭാഗത്തുള്ള സര്‍വീസ് റോഡുകളും ഇടത്തരം വാഹനങ്ങളായ ബൈക്ക്, കാറ് എന്നിവ വടക്കുവശത്തുള്ള സര്‍വീസ് റോഡും ഉപയോഗിക്കണം.
എന്നാല്‍, അങ്ങാടിപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണയിലേയ്ക്കുള്ള എല്ലാ വാഹനങ്ങളും വടക്കു വശത്തുള്ള സര്‍വീസ് റോഡുകളാണ് ഉപയോഗിക്കേണ്ടത്. ദേശീയപാത 213ല്‍ പാലക്കാട്ടുനിന്ന് വരുന്ന ചരക്കു കണ്ടെയ്‌നര്‍ വാഹനങ്ങള്‍ മണ്ണാര്‍ക്കാട് കുമരം പുത്തൂരില്‍ നിന്നു തിരിഞ്ഞ് അലനെല്ലൂര്‍, മേലാറ്റൂര്‍, പാണ്ടിക്കാട്, മഞ്ചേരി, വള്ളുവമ്പ്രം വഴിയും കോഴിക്കോടുനിന്നുള്ള വാഹനങ്ങള്‍ തിരിച്ചും പോവണം. ഇന്നലെ മേല്‍പ്പാലത്തിന്റെ നോഡല്‍ ഓഫിസറായ സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിര്‍മാണ പ്രവൃത്തികള്‍ 31നകം പൂര്‍ത്തിയാക്കാനാണു നീക്കം.
അതേസമയം, റയില്‍വേ പാളത്തിന്റെ മുകള്‍ ഭാഗത്തെ ജോലികള്‍ കേന്ദ്ര റെയില്‍വേ നേരിട്ടാണ് നടത്തുന്നത്. അതിന് ഇനിയും രണ്ടുമാസം വന്നേക്കുമെന്നാണ് അറിയുന്നത്. ആര്‍ബിഡിസിയുടെ ജോലികള്‍ പൂര്‍ത്തിയായാലും മേല്‍പ്പാലം തുറക്കാന്‍ ഇതോടെ ഇനിയും രണ്ടുമാസം കാത്തിരിക്കേണ്ടി വന്നേയ്ക്കും.
Next Story

RELATED STORIES

Share it