അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുക്കും; ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം

മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കഴിഞ്ഞ തവണ മല്‍സരിച്ച അങ്കമാലി സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ ജോണി നെല്ലൂര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് അങ്കമാലി സീറ്റ് വിട്ടു നല്‍കാനാവില്ലെന്നും പകരം സീറ്റില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചത്. ഇതോടെ കടുത്ത പ്രതിഷേധത്തിലായിരുന്ന ജോണി നെല്ലൂര്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനെതിരേ കടുത്ത വിമര്‍ശനമാണ് നടത്തിയത്. കൊണ്ടുനടന്ന് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നായിരുന്നു ജോണി നെല്ലൂര്‍ പറഞ്ഞത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ വൈകുന്നേരം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും ജോണി നെല്ലൂര്‍ വിമര്‍ശനമുന്നയിച്ചു. യുഡിഎഫിനൊപ്പം ഉറച്ചുനിന്നിട്ടുള്ള പാര്‍ട്ടിയെ ദ്രോഹിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. ജേക്കബ് ഗ്രൂപ്പിന് അനുവദിച്ച പിറവം സീറ്റില്‍ മല്‍സരിക്കാതെ പാര്‍ട്ടി മാറിനില്‍ക്കണമെന്നും നെല്ലൂര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗം ഇതിനെ എതിര്‍ത്തു. യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും പാര്‍ട്ടിയില്‍ തനിക്ക് പിന്തുണ കിട്ടുന്നില്ലെന്നും യോഗത്തില്‍ വികാരാധീനനായി ജോണി നെല്ലൂര്‍ പറഞ്ഞു.
തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച കഴിയുംവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. അങ്കമാലി സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടിക്കുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാന്‍ മന്ത്രി അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. സീറ്റ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കുകളില്‍ വിശ്വാസമില്ലെന്ന് ജോണി നെല്ലൂര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സീറ്റുചര്‍ച്ചകളിലെല്ലാം അങ്കമാലി ജേക്കബ് വിഭാഗത്തിന് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ സീറ്റ് ചര്‍ച്ചക്കായി പോയശേഷമുള്ള നിലപാട് മാറ്റത്തില്‍ പാര്‍ട്ടിക്കു ശക്തമായ പ്രതിഷേധമുണ്ട്. അങ്കമാലി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ നിങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് തന്നോട് പറഞ്ഞതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. അങ്കമാലിയില്‍ മാത്രമല്ല മൂവാറ്റുപുഴയുള്‍പ്പെടെ പാര്‍ട്ടിക്ക് സൗഹൃദ മല്‍സരം നടത്താനും മടിയില്ലെന്ന് ജോണി നെല്ലൂര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
കോതമംഗലത്ത് ഇടതു സ്വതന്ത്രനായി പരിഗണിക്കുന്നതായുള്ള വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം. സീറ്റ് ചര്‍ച്ചയില്‍ മന്ത്രി അനൂപിന്റെ തീരുമാനമല്ല അംഗീകരിക്കുന്നതെന്നും പാര്‍ട്ടിയെടുക്കുന്നതാണ് തീരുമാനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജേക്കബ് ഗ്രൂപ്പിന് രണ്ടാമത്തെ സീറ്റെന്ന ആവശ്യം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന സീറ്റ് ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ സീറ്റ് നല്‍കില്ലെന്ന് ഇതുവരെ തന്നെ ആരും അറിയിച്ചിട്ടില്ല. ചര്‍ച്ചകള്‍ കഴിയുംവരെ കാത്തിരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അനൂപ് വ്യക്തമാക്കി. അതിനിടെ ജോണി നെല്ലൂരിന്റെ വീട്ടിലെത്തി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ചര്‍ച്ച നടത്തി. കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുതെന്നും ഡല്‍ഹിയിലെ ചര്‍ച്ച തീരുംവരെ കാത്തിരിക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it