wayanad local

അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ലഭിച്ചില്ല

മാനന്തവാടി: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് നല്‍കിവരുന്ന ഓണറേറിയത്തില്‍ വര്‍ധന വരുത്തി ഉത്തരവിറക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ഈ ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭിച്ചില്ല.
2015 ആഗസ്തിലാണ് ഗ്രാമപ്പഞ്ചായത്തുകള്‍ നല്‍കിക്കൊണ്ടിരുന്ന പ്രതിമാസ ഓണറേറിയം 100ല്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അങ്കണവാടികളില്‍ ജോലി ചെയ്തുവരുന്ന വര്‍ക്കര്‍ക്കും ഹെല്‍പര്‍ക്കുമാണ് തുക വര്‍ധിപ്പിച്ചത്. പ്രസ്തുത തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നു വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം.
എന്നാല്‍, ഒരു ഗ്രാമപ്പഞ്ചായത്തില്‍ 30നും 45നും ഇടയില്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ 60നും 90നുമിടയിലുള്ള ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം നല്‍കാന്‍ പ്രതിമാസം 70,000ത്തോളം രൂപയും വര്‍ഷത്തില്‍ ശരാശരി മൂന്നു ലക്ഷത്തോളം രൂപയും പ്ലാന്‍ഫണ്ടില്‍ നിന്നു കണ്ടെത്തണം. ഇതിനു പുറമെ അങ്കണവാടികള്‍ക്കുള്ള ഫോഷകാഹാര വിതരണത്തിനാവശ്യമായ ഫണ്ടും കണ്ടെത്തണം. വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്ക് ഇതു വന്‍ ബാധ്യതയാണ്. അതുകൊണ്ടു തന്നെ ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ജില്ലയില്‍ 874 അങ്കണവാടികളാണുള്ളത്. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രം വര്‍ധിപ്പിച്ച ഓണറേറിയം നല്‍കാന്‍ പതിനേഴര ലക്ഷം രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്.
Next Story

RELATED STORIES

Share it