thrissur local

അങ്കണവാടികളില്‍ വിതരണം ചെയ്ത പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു

ചാലക്കുടി: അങ്കണവാടികളില്‍ വിതരണം ചെയ്ത പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. കാടുകുറ്റി പഞ്ചായത്തിലെ കക്കാട്, കാതിക്കുടം, തൈക്കൂട്ടം മേഖലകളിലെ അങ്കണവാടികളിലാണ് പുഴുക്കളും ചെള്ളുമടങ്ങിയ ധാന്യങ്ങള്‍ വിതരണം ചെയ്തത്. ഗുണമേന്മ പരിശോധനാ സമയത്ത് നിലവാരമുള്ള സാമ്പിളുകള്‍ ഹാജരാക്കിയശേഷം വിതരണം ചെയ്തപ്പോള്‍ പഴകിയ ഭക്ഷ്യധാന്യം അങ്കണവാടികളില്‍ എത്തിച്ച് നല്‍കുകയായിരുന്നെന്നു പറയുന്നു. ആറുമാസത്തെ ഗുണമേന്മ കാലാവധി അവകാശപ്പെട്ട് കരാറുകാരന്‍ വിതരണം ചെയ്ത ഭക്ഷ്യധാന്യമാണ് ദിവസങ്ങള്‍ക്കകം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
പഴകിയ ധാന്യങ്ങളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കരാറുകാരനെതിരേ നടപടി സ്വീകരിക്കാന്‍ അങ്കണവാടികളുടെ നിയന്ത്രണ ചുമതലയുള്ള സാമൂഹികനീതി വകുപ്പ് അധികൃതര്‍ക്കു പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കി. അങ്കണവാടികളില്‍ കരാറുകാര്‍ മുഖേന വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ നിലവാരത്തെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ജില്ലയിലെ മറ്റ് അങ്കണവാടികളിലും പരിശോധന നടത്തി ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാല്‍സന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ സജി, ജാന്‍സന്‍ ജോര്‍ജ്ജ്, പിഎന്‍ സാജു എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it