malappuram local

അങ്കണവാടികളില്‍ നിന്നു വിതരണം ചെയ്യുന്ന ധാന്യങ്ങള്‍ അര്‍ഹരിലെത്തുന്നില്ലെന്ന് ആക്ഷേപം

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭ പരിധിയിലെ അങ്കണവാടികളില്‍ നിന്നു വിതരണം ചെയ്യുന്ന ധാന്യങ്ങള്‍ അര്‍ഹരിലെത്തുന്നില്ലന്ന് ആക്ഷേപം. കുട്ടികള്‍ക്കുള്ള മൂന്നു കിലോ പൂരപ്പൊടി, കൗമാരക്കാരികള്‍ക്കുള്ള മൂന്നു കിലോ രാഗി, രണ്ടു കിലോ ശര്‍ക്കര തുടങ്ങിയവ അതാത് അങ്കണവാടി പരിധിയിലുള്ള അര്‍ഹരുടെ ശാരീരിക പോഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ഓരോ പ്രദേശത്തേയും അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നത് അതാത് അങ്കണവാടി വര്‍ക്കര്‍മാര്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ്. എന്നാല്‍ കണക്കെടുപ്പിന് ശേഷം സര്‍ക്കാരില്‍ നിന്ന് കൈപറ്റുന്ന ധാന്യങ്ങള്‍ അര്‍ഹരുടെ വീട്ടിലെത്തിച്ചു കൊടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വീട്ടിലെത്തിക്കുന്നില്ലന്നു മാത്രമല്ല ധാന്യങ്ങള്‍ അങ്കണവാടികളില്‍ വന്ന വിവരം അറിയിക്കാന്‍ പോലും പല വര്‍ക്കര്‍മാരും സമയം കണ്ടെത്താറില്ലന്നതിനെതിരെ പരാതി ഉയരുന്നുണ്ട്. കോട്ടക്കല്‍ നഗരസഭയില്‍ 35 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോന്നിനും ശരാശരി 45-50 കിലോ ധാന്യങ്ങള്‍ ഈയിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഇക്കാര്യം അങ്കണവാടികളില്‍ അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്കറിവില്ലന്നായിരുന്നു ചില വര്‍ക്കര്‍മാരുടെ മറുപടി. പലരും ലഭിച്ച ധാന്യങ്ങളില്‍ കാല്‍ ഭാഗം പോലും അര്‍ഹര്‍ക്കു നല്‍കുന്നില്ലന്നാണ് ആക്ഷേപം. അങ്കണവാടികളിലെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാരാണ്. നിലവില്‍ കോട്ടക്കല്‍ നഗരസഭയില്‍ സൂപ്പര്‍വൈസറില്ലാത്തതിനാല്‍ പൂക്കോട്ടൂര്‍ സൂപ്പര്‍വൈസര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇരട്ടി ചുമതലയുള്ളതിനാല്‍ കോട്ടക്കലിലെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ നടത്തുവാന്‍ ഇദ്ദേഹത്തിനു കഴിയാത്തത് നഗരസഭയിലെ അങ്കണവാടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it