Alappuzha local

അങ്കച്ചുവടുകളുമായി സ്വീപ് പ്രചാരണ സംഘം

അമ്പലപ്പുഴ: വേനല്‍ച്ചൂടിലും തിരഞ്ഞെടുപ്പ് അംഗത്തിന് നാടൊരുങ്ങുമ്പോള്‍ അമ്പലപ്പുഴയില്‍ സ്വീപ് സംഘം തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയുമായെത്തിയത് കളരിപ്പയറ്റും അംഗച്ചുവടുകളുമായി. തിരഞ്ഞെടുപ്പിന് പൂര്‍ണ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അമ്പലപ്പുഴ പടിഞ്ഞാറേ നടയില്‍ കളരിപ്പയറ്റ് സംഘം തങ്ങളുടെ ആയോധകലയും അഭ്യാസങ്ങളും പ്രദര്‍ശിപ്പിച്ചത്. കളരിവന്ദനച്ചുവടും കൈപ്പോരും നെടുവടിപ്പയറ്റും വാളും പരിചയും ഉപയോഗിച്ചുള്ള തെക്കന്‍ കളരിപ്പയറ്റും ഇവിടെ അരങ്ങേറി.
ജില്ലയുടെയും ചുമതലയുള്ള തിരഞ്ഞെടുപ്പിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷകന്‍ അഖില്‍കുമാര്‍ മിശ്ര കൂടി എത്തിയതോടെ സംഘാങ്കങ്ങളുടെ പ്രദര്‍ശനപ്പോരിന് വീറും വാശിയും ഏറി. അഖില്‍കുമാര്‍ മിശ്ര കളരിപ്പയറ്റ് അല്‍പ്പസമയം കണ്ട ശേഷം കൂടിനിന്നവരോട് വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ ഭാഗമാവാന്‍ അഭ്യത്ഥിക്കുകയും ചെയ്തു. കളരിപ്പയറ്റിലെ ഒറ്റച്ചുവട്, കൂട്ടച്ചുവട്, പുലിയങ്കച്ചുവട് എന്നിവയുടെ പ്രദര്‍ശനം ജനാവലി ആവേശത്തോടെയാണ് സ്വീകരിച്ചത്. കളരിപ്പയറ്റിന് മുന്നോടിയായി 'സമ്മതിദാനാവകാശം ഓരോ പൗരനും സ്വന്തം, അത് വിനിയോഗിക്കുക പൗരധര്‍മം; ഞാന്‍ വോട്ട് ചെയ്യും നിങ്ങളും വോട്ടു ചെയ്യുക' തുടങ്ങിയ സ്വീപ് സന്ദേശങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമായി സംഘം കാല്‍നട പ്രചാരണവും നടത്തി. മുഹമ്മ വിക്ടറി കളരി സംഘവും തോട്ടപ്പള്ളി രുദ്ര കളരിസംഘവും ചേര്‍ന്നാണ് കളരിഅഭ്യാസങ്ങള്‍ അവതരിപ്പിച്ചത്. ഗുരുക്കന്‍മാരായ ബാബുരാജും പുഷ്പരാജനും അഭ്യാസങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സഹകരിച്ചാണ് സ്വീപിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. നിരീക്ഷകനോടൊപ്പം സ്വീപ് നോഡല്‍ ഓഫിസര്‍ വി സുദേശന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍ എന്നിവരും അമ്പലപ്പുഴയില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it