palakkad local

അഗ്രഹാര വീഥികളില്‍ ആവേശമുയര്‍ത്തി രഥപ്രയാണം: ഇന്ന് കല്‍പ്പാത്തിയില്‍ ദേവരഥ സംഗമം

പാലക്കാട്: അഹ്രഹാര വീഥികളില്‍ ഭക്തിയുടെ നിറവില്‍ ആഹ്ലാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തില്‍ രണ്ടാം തേര് ദിവസമായ ഇന്നലേയും രഥപ്രയാണം തുടര്‍ന്നു.
കല്‍പ്പാത്തിയിലും പരിസരങ്ങളിലുമുള്ളവരും ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരും ഉള്‍പ്പെടെ ആയിരങ്ങള്‍ രഥപ്രദക്ഷിണത്തില്‍ പങ്കുചേരാന്‍ ഉ ണ്ടായിരുന്നു. ശനിയാഴ്ച അഗ്രഹാര പ്രദക്ഷിണം ആരംഭിച്ച ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നു രഥങ്ങളോടൊപ്പം പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥവും രാവിലെ പ്രദക്ഷിണത്തിനൊരുങ്ങി.
ഇന്നലെ രാവിലെ വേദ പാരായണം, ആശീര്‍വാദം എന്നീ ചടങ്ങുകള്‍ക്ക് ശേഷമാണ് രഥപ്രദക്ഷിണം ആരംഭിച്ചത്. മൂന്നാം തേരുദിവസമായ ഇന്ന് പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലേയും രഥങ്ങളും പ്രയാണത്തില്‍ പങ്കാളികളാകും. ഇന്ന് സന്ധ്യക്കാണ് ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ആറ് ദേവരഥങ്ങളുടേയും സംഗമം.
ചൊവ്വാഴ്ച രാവിലെ അഗ്രഹാര ക്ഷേത്രങ്ങളില്‍ കൊടിയിറങ്ങുന്നതോടെ പത്തുനാള്‍ നീണ്ടുനിന്ന കല്‍പ്പാത്തി രഥോല്‍സവത്തിന് സമാപനമാകും. രഥോല്‍സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Next Story

RELATED STORIES

Share it