Alappuzha local

'അഗ്രക്‌സ് 2015'ന് തുടക്കമായി

ആലപ്പുഴ: കാര്‍ഷിക സര്‍വകലാശാലയടക്കം നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ട കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ ജൈവ കാര്‍ഷിക രീതികള്‍ ഉള്‍പ്പെടുത്തണമെന്ന് ചലച്ചിത്രതാരവും ജൈവകര്‍ഷകനുമായ ശ്രീനിവാസന്‍ പറഞ്ഞു. ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്ഡിവി മൈതാനത്ത് ആരംഭിച്ച ജില്ലാ കാര്‍ഷിക- വ്യാവസായിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൈവ കൃഷി പാഠങ്ങളില്ല. അതേസമയം സര്‍ക്കാര്‍ ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നു. ഇതില്‍ വൈരുധ്യമുണ്ട്. പാഠ്യപദ്ധതിയിലും ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം വേണം. ലാഭത്തിനു വേണ്ടി ഭക്ഷ്യവസ്തുക്കളില്‍ എന്തു മായവും ചേര്‍ക്കുന്നു. മുളകുപൊടിയില്‍ മുളകിന്റെ അംശമില്ല. രുചിക്കു പിന്നാലെ പായുകയാണ് നാം. 16 ഏക്കറില്‍ ജൈവ നെല്‍കൃഷിയും 30 ഏക്കറില്‍ മറ്റു കൃഷികളും ചെയ്യുന്നുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എ എം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ആര്‍ ഗീതാമണി, എഡിഎം റ്റി ആര്‍ ആസാദ്, നഗരസഭാ ഉപാധ്യക്ഷ ബീന കൊച്ചുബാവ, ജനറല്‍ കണ്‍വീനര്‍ രവി പാലത്തുങ്കല്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് എം കെ ഭാസ്‌കരപ്പണിക്കര്‍, ഖജാഞ്ചി എ എന്‍ പുരം ശിവകുമാര്‍, നബാര്‍ഡ് എജിഎം ആര്‍ രഘുനാഥപിള്ള, ഫെഡറല്‍ ബാങ്ക് എജിഎം ജോയ് പോള്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ നീനാ റാഫേല്‍, വി എസ് ഹരികുമാര്‍, പ്രമോദ് കുമാര്‍ പങ്കെടുത്തു. മേള 27-ാം തിയ്യതി സമാപിക്കും.
Next Story

RELATED STORIES

Share it