അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട്: തര്‍ക്കം മുറുകുന്നു; ആന്റണിയെ ചോദ്യം ചെയ്‌തേക്കും 

മുഹമ്മദ് സാബിത്ത്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രാലയം ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റുമായി നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ രാഷ്ട്രീയത്തര്‍ക്കം മുറുകുന്നു. അന്വേഷണത്തിനായി പ്രതിരോധമന്ത്രാലയത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിലാണ്.
ക്രമക്കേട് കണ്ടെത്തിയിട്ടും കരാര്‍ റദ്ദാക്കാന്‍ രണ്ടുവര്‍ഷം വൈകിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ ചോദ്യംചെയ്‌തേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. 3,600 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കും.
കോപ്റ്റര്‍ ഇടപാടിന്റെ സംശയം നീളുന്നത് സോണിയഗാന്ധിയുടെ വസതിയിലേക്കാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകുന്നതെന്ന് എ കെ ആന്റണി തിരുവനന്തപുരത്ത് പ്രതികരിച്ചു. കേസിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിനെതിരേ സോണിയയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.
കോപ്റ്റര്‍ അഴിമതി രാഷ്ട്രീയക്കാരില്‍ എത്തിയതിന് മതിയായ തെളിവുകള്‍ ലഭിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉത്തരാഖണ്ഡില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. കോഴ കൈപ്പറ്റിയത് ആരൊക്കെയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെ സര്‍ക്കാരുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം കേന്ദ്രം തള്ളി. പ്രധാന പ്രശ്‌നം അഴിമതിയാണെന്നും അതില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ലെന്നും പ്രസ്താവനയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ ഒരു പ്രതിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം യുക്തിക്ക് നിരക്കാത്തതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. യുപിഎ ഭരണകാലത്ത് ഫിന്‍മെക്കാനിക്ക എന്ന കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും എന്‍ഡിഎ സര്‍ക്കാര്‍ അതില്‍ ഇളവുചെയ്‌തെന്നുമുള്ള എ കെ ആന്റണിയുടെ അവകാശവാദം ഭാവനാസൃഷ്ടിയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് പ്രതികരിച്ചു. മറവിരോഗം ഉള്ളതിനാലായിരിക്കും ആന്റണി ഇങ്ങനെ പറയുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാവുന്ന മെയ് 12ന് ഫിന്‍മെക്കാനിക്കയുമായുള്ള ഇടപാടുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് പ്രതിരോധമന്ത്രി ആന്റണി ഉത്തരവിട്ടു.
ഫലം വന്നത് മെയ് 16നാണ്. 26ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. അതിനാല്‍ ആ ഉത്തരവ് സാധുവായില്ല. പ്രതിരോധവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതിനാല്‍ ഫയല്‍ തന്റെ മുന്നിലെത്തി. ഇതു പരിശോധിച്ച് ജൂണ്‍ ഒമ്പതിന് അവരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയം അറ്റോര്‍ണി ജനറലിന്റെ മുന്നിലെത്തി. ഈ കമ്പനിയില്‍നിന്ന് വാങ്ങിയവയ്ക്ക് തുടര്‍സേവനവും സ്‌പെയര്‍പാര്‍ട്‌സുകളും ലഭിക്കേണ്ടതിനാല്‍ ഇടപാട് മരവിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. എന്നാല്‍, പുതിയ ഇടപാടുകളില്‍ ഏര്‍പ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ ഇടപാടുകള്‍ നടത്താതെ നേരത്തേയുണ്ടായിരുന്നതിന്റെ തുടര്‍നടപടികള്‍ മാത്രം നിലനിര്‍ത്തി. പിന്നെ എങ്ങനെയാണ് അവരെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി ആന്റണി പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it