wayanad local

അഗതി-ആശ്രയ പദ്ധതിക്ക് 4.69 കോടി

കല്‍പ്പറ്റ: ജില്ലയിലെ മൂന്നു പഞ്ചായത്തുകള്‍ക്ക് അഗതി-ആശ്രയ രണ്ടാംഘട്ട പദ്ധതിക്കായി 4.69 കോടി രൂപയുടെ സര്‍ക്കാര്‍ അനുമതി ലഭിച്ചു. അഗതികള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ജീവകാരുണ്യ, പുനരധിവാസ പദ്ധതിയാണിത്. ഇതോടെ ജില്ലയില്‍ 26 സിഡിഎസുകളിലായി 60 അഗതി-ആശ്രയ പദ്ധതികള്‍ക്ക് അംഗീകാരമായി.
മേപ്പാടി പഞ്ചായത്തില്‍ 2,64,40,000, കോട്ടത്തറ- 81,56,800, മുട്ടില്‍- 1,22,60,500 രൂപയടക്കം അടക്കം മൂന്നു പഞ്ചായത്തുകള്‍ക്കുമായി 4,68,57,300 രൂപയ്ക്കുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ 39,82,800 രൂപ കുടുംബശ്രീ ചലഞ്ച് ഫണ്ടായി സിഡിഎസ് മുഖേന പഞ്ചായത്തുകള്‍ക്ക് നല്‍കും. മൂന്നു ഗഡുക്കളായാണ് ചലഞ്ച് ഫണ്ട് വിതരണം ചെയ്യുക. ചലഞ്ച് ഫണ്ടിന്റെ ആദ്യ ഗഡുവായി 13,27,599 രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കും.
ഭക്ഷണം, ചികില്‍സ, വസ്ത്രം, പെന്‍ഷന്‍, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവ കുടുംബശ്രീയും അടിസ്ഥാന സൗകര്യങ്ങളായ വീട്, വീട് പുനരുദ്ധാരണം, കുടിവെള്ളം, വൈദ്യുതി, കക്കൂസ്, ഭൂമി എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി പ്രകാരം ഉറപ്പുവരുത്തുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ് അധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായ അഗതി-ആശ്രയ വിലയിരുത്തല്‍ സമിതി ഓരോ മാസവും യോഗം ചേരും.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, മെംബര്‍ സെക്രട്ടറി, മെഡിക്കല്‍ ഓഫിസര്‍, അങ്കണവാടി സൂപ്പര്‍വൈസര്‍, സിഡിഎസ് സാമൂഹിക വികസന ഉപസമിതി കണ്‍വീനര്‍, രണ്ടു സാമൂഹിക പ്രവര്‍ത്തകര്‍ അടങ്ങുന്ന പഞ്ചായത്ത് തല ആശ്രയ വിലയിരുത്തല്‍ ഉപസമിതി രൂപീകരിച്ച് പ്രവര്‍ത്തനം വിലയിരുത്തണം.
വിലയിരുത്തല്‍ സമിതിയുടെ റിപോര്‍ട്ട് രണ്ടു മാസത്തിലൊരിക്കല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it