അഖ്‌ലാഖ് വധം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം: അയോധ്യ സന്ന്യാസിമാര്‍ ; ദാദ്രിയിലേക്ക് ഐക്യദാര്‍ഢ്യ യാത്ര സംഘടിപ്പിക്കും

അയോധ്യ: ഗോമാംസം ഭക്ഷിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 50 കാരനായ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തെ അയോധ്യയിലെ ഹൈന്ദവ സന്ന്യാസിമാര്‍ ശക്തമായി അപലപിച്ചു. വളരെ ദുഃഖകരമായ ഈ സംഭവം മാനവികതയ്‌ക്കെതി രായ കുറ്റകൃത്യമാണെന്ന് രാം ജന്മഭൂമി മന്ദിറിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

രാജ്യത്തൊരിട ത്തും ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലാത്തതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയിലെ സന്ന്യാസി സമൂഹം രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പിന്തുണയ്ക്കുന്നതായി അയോധ്യയിലെ പ്രമുഖ സന്ന്യാസിയും ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ മഹന്ത് ഭാവ്‌നാഥ് ദാസ് പറഞ്ഞു. ഫാഷിസ്റ്റ് ശക്തികളുടെ ചെറുസംഘത്തെ ഭയക്കേണ്ടതില്ലെന്ന് മുസ്‌ലിം സഹോദരങ്ങള്‍ക്ക് നാം ഉറപ്പുനല്‍കേണ്ടതുണ്ടെന്നും അത്തരം വര്‍ഗീയശക്തികളുടെ സമ്പൂര്‍ണ ഉന്മൂലനത്തിനുള്ള സമയമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുഃഖകരമായ വിവരമറിഞ്ഞപ്പോള്‍ മരണമടഞ്ഞ മുഹമ്മദ് അഖ്‌ലാഖിന് വേണ്ടി ഞങ്ങള്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയതായി അയോധ്യ ബാരസ്താന്‍ മന്ദിറിലെ മുഖ്യ പൂജാരി മഹന്ത് ബിന്ദു ഗദ്യാചാര്യ പറഞ്ഞു. ഈ ക്രൂരകൃത്യം ചെയ്തവര്‍ സഹിഷ്ണുതയും മിതത്വവും പുലര്‍ത്തുന്ന ഹൈന്ദവധര്‍മത്തിന് അവമതിപ്പുണ്ടാക്കിയെന്നു മാത്രമല്ല, ലോകത്തിനു മുന്നില്‍ രാജ്യത്തിന് ദുഷ്‌പേരുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു വ്യക്തിയുടെ മാത്രം കൊലയല്ല, കാലങ്ങളായി നമ്മെ പഠിപ്പിച്ചുപോന്ന സാമൂഹികമൂല്യങ്ങളുടെ തകര്‍ച്ചയുമാണെന്ന് സരയുകുഞ്ജ് മന്ദിറുമായി ബന്ധപ്പെട്ട യുവസന്ന്യാസി രഘുനന്ദന്‍ ദാസ് പ്രതികരിച്ചു. ന്യൂനപക്ഷസമുദായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് അയോധ്യയില്‍നിന്നു ദാദ്രിയിലേക്ക് തങ്ങള്‍ യാത്ര ആരംഭിക്കുമെന്ന് മഹന്ത് യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ക്കെതിരേ തങ്ങള്‍ ഒന്നിച്ചുനില്‍ക്കുമെന്ന് വര്‍ഗീയശക്തികള്‍ക്ക് സന്ദേശം നല്‍കാന്‍കൂടിയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it