അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചി തന്നെയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചുകൊന്ന അഖ്‌ലാഖും കുടുംബവും കുപ്രചാരണത്തിന്റെ ഇരകളായിരുന്നെന്നു വ്യക്തമായി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപോര്‍ട്ട്, അഖ്‌ലാഖിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചിതന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. യു.പിയിലെ മഥുരയിലെ ലാബില്‍ നടത്തിയ ഇറച്ചി പരിശോധനാ ഫലമാണ് ഇപ്പോ ള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തേ നടത്തിയ പ്രാഥമിക പരിശോധനയിലും ഇറച്ചി ആടിന്റേതാണെന്നു വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കാള്‍ ഇറച്ചി പശുവിന്റേതാണോ അതോ ആടിന്റേതാണോ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയുള്ള പോലിസിന്റെ ശ്രമങ്ങള്‍ നേരത്തേ വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു. എന്നാല്‍, തങ്ങള്‍ ഇറച്ചി പരിശോധനയ്ക്ക് അയച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുമെന്നും കാര്യങ്ങള്‍ക്ക് കൂടുത ല്‍ വ്യക്തത ഉണ്ടാവാനാണ് ഇറച്ചി പരിശോധനയ്ക്ക് അയച്ചതെന്നും സംസ്ഥാന സര്‍ക്കാ ര്‍ വ്യക്തമാക്കി.

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന കുപ്രചാരണത്തെ തുടര്‍ന്നായിരുന്നു സംഘപരിവാര പ്രവര്‍ത്തകര്‍ ദാദ്രിയിലെ ബിഷാദ ഗ്രാമത്തിലെ അഖ്‌ലാഖിന്റെ വീടാക്രമിച്ചത്. അക്രമത്തില്‍ അഖ്‌ലാഖ് കൊല്ലപ്പെടുകയും മകന്‍ ദാനിഷ് സൈഫിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സപ്തംബര്‍ 28ന് അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് ശേഖരിച്ച മാംസം പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയില്‍ തന്നെ മാംസം ആടിന്റേതാണെന്നു വ്യക്തമായിരുന്നു. എന്നാല്‍, ഇതു വീണ്ടും മഥുരയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it