അഖ്‌ലാഖിന്റെ കൊലയാളികള്‍ക്ക് വിഎച്ച്പിയുടെ സഹായവാഗ്ദാനം

ന്യൂഡല്‍ഹി: വീട്ടില്‍ ഗോമാം സം സൂക്ഷിച്ചെന്ന പേരില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയ അക്രമികള്‍ക്ക് സാമ്പത്തികവും നിയമപരവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വിഎച്ച്പി. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്ബന്‍ഡ്രി ലാബില്‍ നടത്തിയ പരിശോധനയില്‍ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത മാംസം പശുവിന്റെതാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്പിയുടെ പ്രസ്താവന.
കേസില്‍ അറസ്റ്റിലായ 18 പേര്‍ക്കും നിയമസഹായം നല്‍കുന്നതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച ചെയ്തുവരുകയാണെന്ന് വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളുമായി സംഘടനയുടെ നേതാക്കള്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. കേസില്‍ ജില്ലാ കോടതി മുതല്‍ സുപ്രിംകോടതി വരെ പോവാന്‍ വിഎച്ച്പി തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.കേസില്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും പുതിയ ലാബ് പരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നും സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.
പ്രതികളുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസന്വേഷണത്തില്‍ പക്ഷപാതം പാടില്ലെന്നും അന്വേഷണം സുതാര്യമായിരിക്കണമെന്നും പ്രതികളുടെ ബന്ധുക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്‍വലിക്കണമെന്നും സംഭവത്തില്‍ സര്‍ക്കാരിനു പറ്റിയ തെറ്റുതിരുത്തണമെന്നും ബിജെപി നേതാവും ലോക്‌സഭാംഗവുമായ വിനയ് കത്യാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it