അഖ്‌ലാഖിന്റെ കുടുംബം ബിഷാറ ഗ്രാമം വിട്ടു

സ്വന്തം പ്രതിനിധി

ദാദ്രി/ന്യൂഡല്‍ഹി: ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം ദാദ്രിയിലെ ബിഷാറ ഗ്രാമത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറി. തന്റെ കുടുംബം കഴിഞ്ഞദിവസം ഡല്‍ഹിയിലേക്ക് മാറിയെന്ന് അഖ്‌ലാഖിന്റെ മകന്‍ മുഹമ്മദ് സര്‍താജ് പറഞ്ഞു. അഖ്‌ലാഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘം മകന്‍ ദാനിഷിനെയും ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ ദാനിഷിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റി.

ബിഷാറയിലും സമീപപ്രദേശങ്ങളിലും ജില്ലാഭരണകൂടം സമാധാനയോഗം വിളിച്ചുചേര്‍ത്തു. മേഖലയില്‍ സമാധാനറാലി നടത്തി. ഗ്രാമത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ജില്ലാഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു യുവവാഹിനി അടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകരെ അധികൃതര്‍ തടഞ്ഞു.

തദ്ദേശീയര്‍ക്ക് മാത്രമായി ഗ്രാമത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസംഗങ്ങളിലൂടെ ഗ്രാമത്തിലെ സാമുദായിക ഐക്യം തകര്‍ക്കരുതെന്ന് രാഷ്ട്രീയ നേതാക്കളടക്കമുള്ള സന്ദര്‍ശകരോട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. വി.എച്ച്.പി. നേതാവ് സാധ്വി പ്രാചിയെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. അതേസമയം, ബിഷാദ ഗ്രാമത്തിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ പ്രസ്താവന വിവാദമായി.

ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഹിന്ദു യുവവാഹിനി. ഹിന്ദുക്കളെ അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് സംഘടന ആരോപിച്ചു. അതേസമയം, ദാദ്രി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിം പണ്ഡിതന്മാരും സമുദായാംഗങ്ങളുമടങ്ങിയ സംഘവുമായി ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്‌വി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുടെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഐക്യത്തിലൂടെയും മൈത്രിയിലൂടെയും വിദ്വേഷത്തിന്റെ രാഷ്ട്രീയം തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it