അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഫീസ് ആനുകൂല്യം: തിയ്യതി നീട്ടി

തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീഇംപേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2016 ജനുവരി 4 വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു.
കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിെലയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതിന്റെ അസ്സല്‍ രശീതിയില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
80 ശതമാനം ആനുകൂല്യം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമായിരിക്കും. അപേക്ഷകന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് ഫീസ്/ ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഒടുക്കിയതിന്റെ അസ്സല്‍ രശീതി, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവന്‍, നാലാംനില, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേന 2016 ജനുവരി 4നകം ലഭിച്ചിരിക്കണം. അപേക്ഷ അയക്കുന്ന കവറിനു മുകളില്‍ 'അഖിലേന്ത്യാ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ് 2015-16' എന്ന് പ്രത്യേകം എഴുതിയിരിക്കണം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712302090, 2300524 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കണം.
Next Story

RELATED STORIES

Share it