ernakulam local

അക്വാപോണിക്‌സ് പരീക്ഷണവുമായി ജൈവകര്‍ഷകന്‍

വൈപ്പിന്‍: ജൈവ കൃഷിക്കൊപ്പം അക്വാപോണിക്‌സ് കൃഷി രീതിയും പരീക്ഷിച്ചു വിജയത്തിലെത്താനാണ് ചെറായി കരുത്തല വടക്കേടത്ത് ശശിധരനും കുടുംബവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജൈവകൃഷി തുടരുന്ന തന്റെ 44 സെന്റോളം വരുന്നിടത്ത് അഞ്ചുമീറ്റര്‍ നീളത്തിലും മൂന്നടി വീതിയിലും കല്ലുകള്‍ ചായ്ച്ച് അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് വെള്ളം നിറച്ചാണ് കൃത്രിമ കുളവും അതിനടുത്ത് ഇതിലും കുറച്ചു കൂടി വിസ്താരമുള്ള ടാങ്കില്‍ മെറ്റല്‍ ബെഡ് ഉണ്ടാക്കിയിട്ടുള്ളത്. ഇതില്‍ വെണ്ടയും ചെറിയ തക്കാളിയും കായിച്ചുനില്‍ക്കുന്നു.
ഗിഫ്റ്റ് ഇനത്തില്‍ പെട്ട കുളത്തില്‍ 750 തിലോപ്പിയ കുഞ്ഞുങ്ങളെയാണ്— നിക്ഷേപിച്ചത്. മല്‍സ്യങ്ങളുടെ വിസര്‍ജ്യം കുളത്തിന്റെ അടിത്തട്ടില്‍നിന്നും വെള്ളത്തിനോടൊപ്പം പമ്പ്‌ചെയ്ത് വെണ്ടയ്ക്കു—ം തക്കാളിക്കും വളമാവുന്നു. അഴുക്കുകള്‍ അരിച്ചു മാറ്റപ്പെടുന്ന വെള്ളം വീണ്ടും കുളത്തിലേക്കുതന്നെ ഒഴുകുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഒന്നര സെന്റീമീറ്റര്‍ മാത്രം വലിപ്പമുണ്ടായിരുന്ന തിലോപ്പിയ കുഞ്ഞുങ്ങള്‍ നാലുമാസം പിന്നിട്ടതോടെ 100 മുതല്‍ 150 ഗ്രാം വരെ തൂക്കംവച്ചിട്ടുണ്ട്. മൂന്നുമാസംകൂടി കഴിഞ്ഞാല്‍ വിളവെടുക്കാനാവും. അക്വാപോണിക്‌സ് രീതിയില്‍ തിലോപ്പിയ കൃഷി തുടങ്ങുംമുമ്പ് ശശിധരന്‍ തുമ്പൂര്‍, പുതിയകാവ് തുടങ്ങിയ മേഖലകളില്‍ പോയി ഇത്തരം കൃഷിരീതികള്‍ കണ്ടുമനസിലാക്കുകയും തിലോപ്പിയുടെ രുചി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ വിദേശത്തായിരുന്ന ശശിധരന്‍ അഞ്ചുവര്‍ഷംമുമ്പ് പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് മട്ടുപ്പാവു കൃഷിയേയും ജൈവകൃഷിയേയും പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതോടെയാണ് കാര്‍ഷിക രംഗത്തേക്കിറങ്ങിയത്. പയര്‍, വെണ്ട, വിവിധയിനം തക്കാളി, കൊത്തമര, കോളിഫഌവര്‍, കാബേജ്, വഴുതന, ചേന, വാഴ, കുക്കുമ്പര്‍, പീച്ചില്‍, പടവലം, ചീര തുടങ്ങിയ നിരവധി പച്ചക്കറി ഇനങ്ങളാണ് ഈ തോട്ടത്തിലുള്ളത്.
കൃഷി ഓഫിസര്‍ ആര്‍ സോണിയയുടെ നിര്‍ദേശപ്രകാരം കുറച്ചു ഭാഗത്ത് മഴമറയൊരുക്കി അവിടെ കുക്കുമ്പര്‍ പിടിപ്പിച്ചിട്ടുണ്ട്. വളമായി ചാണകവും മൂത്രവുമാണ് ഉപയോഗിക്കുന്നത്. ഇതിനായി കാസര്‍കോട് നിന്നും മുന്തിയ ഇനത്തിലെ ഒരു പശുവിനെയും വാങ്ങി വളര്‍ത്തുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ പുകയില കഷായവും കായിച്ച കെണിയും മറ്റുചില വിദ്യകളുമാണ് പ്രയോഗിക്കുന്നതെന്ന് ശശിധരന്‍ പറഞ്ഞു.
വിദേശ ഇനത്തില്‍പെട്ട മൂന്ന് നായകളാണ് ശശിധരന്റെ തോട്ടത്തിലെ കാവല്‍ക്കാര്‍. ഭാര്യ സരളയും മരുമകള്‍ രീഷ്മയും കൃഷിയില്‍ സഹായിക്കുന്നു. സ്വന്തം ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി ഉല്‍പന്നങ്ങള്‍ പള്ളിപ്പുറം ബാങ്കിന്റെ വിപണന സ്റ്റാളില്‍ നല്‍കുന്നു.
Next Story

RELATED STORIES

Share it