അക്രമികളെന്നാരോപിച്ച് കൊലപാതകം; ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത് ഗര്‍ഭിണിയെ

ജെറുസലേം: സൈനിക ചെക്‌പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇസ്രായേല്‍ പ്രതിരോധസേനകൊലപ്പെടുത്തിയത് ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയെ. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനു സമീപമുള്ള ചെക്‌പോസ്റ്റില്‍ കൊല്ലപ്പെട്ട മറാം അബു ഇസ്മയില്‍(25) അഞ്ചുമാസം ഗര്‍ഭിണിയായിരുന്നെന്ന് അവരുടെ ബന്ധുക്കള്‍ അറിയിച്ചു.
ചെക്‌പോസ്റ്റിനകത്ത് കത്തിയുമായി വന്ന് ആക്രമിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് മറാമിനെയും അവരുടെ സഹോദരന്‍ ഇബ്രാഹീമിനെയും (16) സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ജെറുസലേമിലെ ആശുപത്രിയിലേക്കു പോവുന്ന വഴിയായിരുന്നു സൈന്യം ഇവരെ കൊലപ്പെടുത്തിയത്. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരമായ കുറ്റകൃത്യങ്ങളിലൊന്നാണ് മറാമിന്റെയും സഹോദരന്റെയും കൊലപാതകമെന്ന് ഫലസ്തീന്‍ വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഒരു ഇസ്രായേലി സൈനികന്‍ മറാമിനു നേര്‍ക്ക് 15 തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷിയായ ഫലസ്തീനി ഡ്രൈവര്‍ അലാ സുബഹ് അറിയിച്ചു. ഇബ്രാഹീമിനു നേര്‍ക്ക് ആറു തവണയും സൈന്യം വെടിവയ്പു നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ക്കു സമീപം കത്തി കൊണ്ടുവച്ചത് ഇസ്രായേലി സൈനികരാണെന്ന് ദൃക്‌സാക്ഷികളിലൊരാളായ അഹ്മദ് താഹയെ ഉദ്ധരിച്ച് മആന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it