അക്രമം ലഘൂകരിക്കാനുള്ള ശ്രമം നടക്കുന്നു; എന്‍സിഎച്ച്ആര്‍ഒ സംഘം സന്ദര്‍ശിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ വീടും ചികില്‍സയി ല്‍ കഴിയുന്ന മാതാവിനെയും എന്‍സിഎച്ച്ആര്‍ഒ സംഘം സന്ദര്‍ശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മാതാവിനും സഹോദരിക്കും പുനരധിവാസം ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
മാതാവിനെ മാനസിക രോഗിയാക്കി സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ശരിയായ പ്രതിയെ കണ്ടെത്താനാവാത്തത് പോലിസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണ്. ദലിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ ബന്ധുക്ക ള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഭരണകൂടം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുന്നു. അവരുടെ ജീവനും ജീവിതത്തിനും സുരക്ഷ നല്‍കുന്നതില്‍ പരാജയമാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെയും സഹോദരിയെയും കണ്ടു. ലോകശ്രദ്ധ നേടിയ ഈ സംഭവത്തിന് ശേഷവും ഇവരെ വാര്‍ഡില്‍ തന്നെ പാര്‍പ്പിക്കുകയും പിന്നീട് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കുടുസ്സുമുറിയിലേക്ക് മാറ്റുകയുമായിരുന്നു. ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തിയിട്ടും ഇതിനൊരുപരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിയന്തരമായി ഇവരെ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റണമെന്ന് സംഘം ആവശ്യപ്പെട്ടു. വട്ടോളിപടി പെരിയാര്‍വാലി പുറമ്പോക്കിലെ കനാല്‍ബണ്ടിലെ ജിഷയുടെ വീട് സന്ദര്‍ശിച്ച സംഘം അയല്‍വാസികളോടും പഞ്ചായത്ത് അംഗത്തോടും വിശദമായി സംസാരിച്ചു. പഞ്ചായത്തംഗം സിജി സാജുവില്‍ നിന്നു സംഭവദിവസം മുതലുള്ള വിശദാംശങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു.
കുറുപ്പടി പോലിസ് സ്‌റ്റേഷനില്‍ ജിഷയും മാതാവും മുമ്പ് പലതവണ പരാതി നല്‍കിയിരുന്നതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയും നല്‍കിയാണ് സംഘം മടങ്ങിയത്. സംഘത്തില്‍ എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി എ എം ഷാനവാസ്, സംസ്ഥാന സമിതി അംഗം ഷബ്‌ന സിയാദ്, ജില്ലാ പ്രസിഡന്റ് കെ കെ നൗഷാദ്, സെക്രട്ടറി ഫഹദ് പാലയ്ക്കല്‍, ജില്ലാ കമ്മറ്റിയംഗം ഷമീര്‍ മാഞ്ഞാലി, കെ കെ റൈഹാനത്ത് എന്നിവരുണ്ടായിരുന്നു.
Next Story

RELATED STORIES

Share it