അക്രമം നടത്തുന്നത് ബിജെപി: യെച്ചൂരി

അക്രമം നടത്തുന്നത് ബിജെപി: യെച്ചൂരി
X
yechuri-final

ന്യൂഡല്‍ഹി: തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപിയാണ് ആക്രമണം നടത്തുന്നതെന്നും തുടര്‍ന്ന് അവര്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രമന്ത്രി നടത്തിയ ആഹ്വാനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം. ബിജെപിയുടെ ചില പ്രധാനപ്പെട്ട ഭാരവാഹികള്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സത്യാവസ്ഥ അറിയാം. രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാരം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതലാണ് സംഘപരിവാരമാണ് ആക്രമണം അഴിച്ചുവിടുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണു കേരളത്തിലുണ്ടായത്. ജനവിധി എതിരായതാണ് ബിജെപിയുടെ ആക്രമണങ്ങള്‍ക്കു കാരണം. ഇത് കേരളത്തിലെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. എപ്പോഴും സമാധാനം നിലനിര്‍ത്തുന്നതിനും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുമാവും ഇടതുപക്ഷം ശ്രമിക്കുക. കേരളത്തില്‍ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും നടത്തിയ പ്രചാരണങ്ങളെയും ആഹ്വാനങ്ങളെയുമെല്ലാം ജനങ്ങള്‍ തള്ളുകയാണുണ്ടായത്. സംഘപരിവാരത്തിന്റെ നീക്കങ്ങള്‍ വിജയംകാണില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ പ്രസ്താവനയില്‍ പോളിറ്റ്ബ്യൂറോ അപലപിച്ചു.
Next Story

RELATED STORIES

Share it