kozhikode local

അക്ബറിനെ അന്ന് തോല്‍പ്പിച്ചിരുന്നില്ലെങ്കില്‍

കോഴിക്കോട്: എഴുപതുകളുടെ തുടക്കത്തിലാണ് അങ്ങിനെയൊരു മല്‍സരം ഉണ്ടായത്. കേരള വിദ്യാര്‍ഥി യൂനിയന്‍ എല്ലാ അര്‍ഥത്തിലും വിദ്യാലയങ്ങളിലും കലാശാലകളിലും പതാകപറപ്പിക്കുന്ന കാലം. അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരന്‍ അന്ന് കെഎസ്‌യുവിന്റെ ശക്തനായ നേതാവായിരുന്നു.
വടകര താലൂക്കില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് ജയിച്ചുവന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കടത്തനാടന്‍ മണ്ണില്‍ നിന്നും അക്ബറിനെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്.
അയല്‍പക്കത്തുനിന്നു തന്നെയുള്ള വില്യാപ്പള്ളിക്കാരന്‍ പി എം സുരേഷ് ബാബു അന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് മാഹി യോഗി മഠത്തില്‍ സി എച്ച് ഹരിദാസ്. എല്ലാം കൊണ്ടും അക്ബര്‍ കക്കട്ടിലിന് സാഹചര്യം അനുകൂല്യം. എതിര്‍ സ്ഥാനാര്‍ഥിയാകട്ടെ കോഴിക്കോട് നഗരപ്രാന്ത ദേശമായ പന്തീരാങ്കാവില്‍ നിന്നുള്ള മൂസ്സ. ഗുരുവായൂരപ്പന്‍ കോളജിലെ അറിയപ്പെടുന്ന പ്രാസംഗികന്‍, സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കെഎസ്‌യുക്കാരന്‍. കൂടുതല്‍ വോട്ടുകളുള്ളതാകട്ടെ കോഴിക്കോട് താലൂക്കിലും. മല്‍സരം തകൃതിയില്‍ അരങ്ങേറി. കുറഞ്ഞ വോട്ടിന് അക്ബര്‍ കക്കട്ടില്‍ തോറ്റു. മൂസ പന്തീരാങ്കാവ് കോഴിക്കോട് ജില്ലാ കെഎസ്‌യു പ്രസിഡന്റായി. അക്ബര്‍ കക്കട്ടില്‍ അന്ന് കഷ്ടകാലത്തിന് ജയിച്ച് കെഎസ്‌യു ജില്ലാ അധ്യക്ഷനായിരുന്നുവെങ്കില്‍ മലയാള ഭാഷക്ക് ഒരു എഴുത്തുകാരനെ നഷ്ടപ്പെടുമായിരുന്നു. കാക്കൂര്‍ കഥകള്‍ക്ക് ഒരു രണ്ടാം കാണ്ഡം ചമക്കാന്‍ ഒരു സാധാരണ സ്‌കൂള്‍ അധ്യാപകനായ അക്ബര്‍ തന്നെ വേണ്ടി വന്നു. ടീച്ചറും കുട്ട്യോളും സ്‌കൂളും വിട്ട് ഏറിയാല്‍ അയല്‍പക്കത്തെ മദ്‌റസ, അതും കഴിഞ്ഞാല്‍ കക്കട്ടിലെ ആളുകള്‍. ഇത്രയും പരിധിക്കുള്ളില്‍ നിന്നും ഇത്രയേറെ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അക്ഷരാര്‍ഥത്തില്‍ അക്ബര്‍ കക്കട്ടിലുകാരന്‍ തന്നെയായി.
Next Story

RELATED STORIES

Share it