അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: ഭാഷയുടെ നാട്ടുവഴക്കങ്ങളിലൂടെ മലയാളിയോട് കഥപറഞ്ഞ അക്ബര്‍ കക്കട്ടില്‍ (63) അന്തരിച്ചു. ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാദാപുരത്തിനടുത്ത കക്കട്ടില്‍ പി അബ്ദുല്ലയുടെയും സി കെ കുഞ്ഞാമിനയുടെയും മകനായി 1954 ജൂലൈ ഏഴിനാണ് ജനനം. തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് എംഎയും തലശ്ശേരി ട്രെയിനിങ് കോളജില്‍ നിന്ന് ബിഎഡും നേടി. വിരമിക്കുന്നതുവരെ കോഴിക്കോട് വട്ടോളി നാഷനല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. ജമീലയാണു ഭാര്യ. മക്കള്‍: സിതാര, സുഹാന.
സ്‌കൂള്‍ പശ്ചാത്തലമാക്കി അക്ബര്‍ എഴുതിയ കഥകള്‍ പ്രശസ്തമാണ്. ചെറുകഥാ രചനയിലൂടെ മലയാള സാഹിത്യത്തില്‍ വേറിട്ട സ്ഥാനമുറപ്പിച്ച ഇദ്ദേഹം രണ്ട് നോവലുകളും രചിച്ചിട്ടുണ്ട്.
കാരൂര്‍ നീലകണ്ഠപിള്ളയ്ക്കു ശേഷം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ജീവിതപശ്ചാത്തലം ഇതിവൃത്തമാക്കിയ എഴുത്തുകാരനായിരുന്നു അക്ബര്‍. ടെലിവിഷന്‍ സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011ലെ ആണ്‍കുട്ടി, സര്‍ഗസമീക്ഷ, പാഠം മുപ്പത്, കക്കട്ടില്‍ യാത്രയിലാണ്, സ്ത്രീലിംഗം പെണ്‍കഥകള്‍, മൃത്യുയോഗം, മായക്കണ്ണ്, സ്‌കൂള്‍ ഡയറി എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. വിദ്യാര്‍ഥിയായിരിക്കെ തന്നെ സംസ്‌കൃത പഠനത്തിനു സംസ്ഥാനസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എസ് കെ പൊറ്റെക്കാട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബൂദബി ശക്തി പുരസ്‌കാരം, കേന്ദ്രസര്‍ക്കാരിന്റെ ഫെലോഷിപ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം പുരസ്‌കാരം, ടി വി കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്നലെ ഉച്ചയോടെ വട്ടോളിയിലെത്തിച്ച മൃതദേഹം അദ്ദേഹം സേവനമനുഷ്ഠിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കക്കട്ട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനു വച്ചു. വൈകീട്ട് അഞ്ചോടെ ചീക്കോന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
Next Story

RELATED STORIES

Share it