malappuram local

അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചിട്ടും കോളജുകള്‍ക്ക് ഉത്തരവ് നല്‍കിയില്ല

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ വിദ്യഭ്യാസ പദ്ധതി നടപ്പാക്കുന്നത് അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചിട്ടും ഉത്തരവിറക്കാന്‍ സര്‍വകലാശാല തയ്യാറാവുന്നില്ല.
യുവതീയുവാക്കളില്‍ ആരോഗ്യമുള്ള മനസ്സും ശരീരവും വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളിലും ആരോഗ്യവിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഡിഗ്രി വിദ്യാര്‍ഥികള്‍ ഒരു സെമസ്റ്ററില്‍ പത്തു മണിക്കൂര്‍ യോഗ, വ്യായാമം, ഡ്രില്‍ ഉള്‍പ്പെയുള്ള വ്യത്യസ്ത ഇനങ്ങള്‍ പരിശീലിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനു വേണ്ടി ഓരോ കോളജിലും ആരോഗ്യവിദ്യാഭ്യാസ ചുമതല നിര്‍വഹിക്കുന്നതിന് കായികാധ്യാപകനെ നിയമിക്കണം. പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കി വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്തണം. ഒരു സെമസ്റ്ററില്‍ അഞ്ചു മാര്‍ക്ക് ആരോഗ്യ-വിദ്യാഭ്യാസ പദ്ധതിക്ക് നല്‍കും.
കഴിഞ്ഞ ആഗസ്റ്റ് 11നു ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ നേരത്തെ എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാകാത്തതിന്റെ ഭാഗമായാണ് ഈ പദ്ധതിയും അവതാളത്തിലായത്. കോളജുകള്‍ക്ക് അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ഇതു സംബന്ധിച്ച ഉത്തരവ് ലഭിക്കാത്തതിനാല്‍ പല കോളജുകളിലും കായികാധ്യാപകരെ പോലും ഇതുവരെ നിയമിച്ചിട്ടില്ല.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികാധ്യാപകരെ നിയമിക്കാനും വ്യവസ്ഥയുണ്ട്. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയിലെ രാഷ്ട്രീയമായ പഴിചാരലുകള്‍ക്കിടയില്‍ ആരോഗ്യവിദ്യാഭ്യാസ പദ്ധതി അട്ടിമറിക്കുന്നതിനും നീക്കം നടത്തുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ കുറ്റമറ്റ രീതിയില്‍ ഇത് നടപ്പാക്കിയാല്‍ മറ്റ് സര്‍വകലാശാലകളിലേക്കും ആരോഗ്യ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കാനാകും.
Next Story

RELATED STORIES

Share it