അക്കാദമികരംഗം പൊതുസമൂഹവുമായി സംവദിക്കണം: ഡോ. എ കെ രാമകൃഷ്ണന്‍

ആലുവ: തീവ്രദേശീയതയും ജാതിബോധവും നവലിബറല്‍ വികസന നയങ്ങളും ആധിപത്യത്തിനുള്ള ചേരുവയാക്കുന്ന കേന്ദ്രത്തിലെ ഹൈന്ദവ ഫാഷിസ്റ്റ് ഭരണകൂടത്തെ ചെറുക്കാന്‍ അക്കാദമികരംഗം പൊതുസമൂഹവുമായുള്ള സംവാദം വര്‍ധിപ്പിക്കണമെന്ന് ജെഎന്‍യു പ്രഫസര്‍ ഡോ. എ കെ രാമകൃഷ്ണന്‍ പറഞ്ഞു. എകെപിസിടിഎയുടെ 58ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര വലതുപക്ഷ ആശയങ്ങള്‍ മധ്യവര്‍ഗത്തിന്റെ സാമാന്യബോധമായി മാറുന്നത് കണ്ടില്ലെന്നു നടിച്ചാല്‍ രാജ്യം അപകടത്തിലാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭീഷണമായ സാഹചര്യത്തെ തരണം ചെയ്യാന്‍ അക്കാദമികരംഗം സമൂഹവുമായുള്ള സംവാദത്തിന് പുതിയ പ്രവര്‍ത്തനഭാഷ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മുന്‍കൂട്ടി തയ്യാറാക്കിയ സംഘപരിവാര പദ്ധതിയാണ് ഇപ്പോള്‍ ജെഎന്‍യുവില്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ ഹൈന്ദവ ഫാഷിസം സവിശേഷമായ ഒന്നാണ്. ജാതിബോധം, പുരുഷാധിപത്യം, വ്യത്യസ്ത വിശ്വാസപ്രമാണങ്ങളെ അന്യത്വം കല്‍പ്പിച്ചു കാണുന്ന വീക്ഷണം എന്നിവയാണ് അതിന്റെ പ്രത്യേകതകള്‍. താന്‍ പറയുന്നത് ദേശദ്രോഹമാവുമോ പൊതുബോധത്തിന് എതിരാണോ മുതലായ ഭീതികള്‍ അധ്യാപകരെ സ്വയംനിയന്ത്രിക്കാന്‍ പ്രേരിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തെ ഇത് അസാധ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളും നര്‍മബോധത്തോടെ കാണാനുള്ള ശേഷിയാണ് സമൂഹം ആര്‍ജിക്കേണ്ടതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. എകെപിസിടി പ്രസിഡന്റ് പ്രഫ. എ ജി ഒലീന അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it