അകാലി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ദിരാ ഘാതകര്‍ക്ക് ആദരം

ന്യൂഡല്‍ഹി: അകാലിദള്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകര്‍ക്ക് ആദരം. സിഖ് വിദ്യാര്‍ഥി ഫെഡറേഷന്‍ മോട്ടിബാഗ് ഗുരുദ്വാരയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ദിരാഗാന്ധിയുടെ ഘാതകരായ കെഹാര്‍ സിങ്, സത്‌വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരെ രക്തസാക്ഷികളായി വാഴ്ത്തി സ്തുതിഗീതങ്ങള്‍ ആലപിച്ചത്. അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്തു. 'സിഖ് പാന്തിന്റെ രക്തസാക്ഷി' എന്നാണ് ഇവരെ 'ദോഗ്' എന്ന ചടങ്ങില്‍ വിശേഷിപ്പിച്ചത്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ നേതാവ് അവതാര്‍ സിങ്, ധരം പ്രചാര്‍ കമ്മിറ്റി ചെയര്‍മാന്‍ പരംജിത് സിങ്, സിഖ് വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രസിഡന്റ് ഗുര്‍മീത് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ് നടന്നത്.
അകാല്‍ തക്ത് ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചതാണെന്നും അവരുടെ ചരമവാര്‍ഷികമാണ് ഇപ്പോള്‍ ആചരിച്ചതെന്നും ഗുര്‍മീത്‌സിങ് പറഞ്ഞു. ഹിന്ദു മഹാസഭയ്ക്കു നാഥുറാം ഗോഡ്‌സെയുടെ വാര്‍ഷികമാഘോഷിക്കാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ഇവരുടെ ചരമവാര്‍ഷികം ആഘോഷിച്ചുകൂടായെന്ന് ശിരോമണി അകാലിദള്‍ വക്താവ് പരമിന്ദര്‍ ബാല്‍ സിങ് ചോദിച്ചു.അവര്‍ കുറ്റവാളികളോ ഭീകരവാദികളോ അല്ല. മതവിശ്വാസമനുസരിച്ച് ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കുകയെന്നതു സ്വാഭാവികമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയെങ്കിലും സംഭവത്തിനു ശേഷം നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ശിരോമണി അകാലിദളും ചേര്‍ന്നാണ് പഞ്ചാബ് ഭരിക്കുന്നത്. 2017ല്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ദിരാ ഘാതകരെ രക്തസാക്ഷിയായി വാഴ്ത്തുന്നതിനെ നേരത്തെ ബിജെപി എതിര്‍ത്തിരുന്നു.കെഹാര്‍ സിങിനെയും സത്‌വന്ത് സിങിനെയും ജനുവരി ആറിനാണ് തൂക്കിലേറ്റിയത്. ബിയാന്ത് സിങ് സംഭവസ്ഥലത്തുവച്ച് ഒക്ടോബര്‍ 31നു തന്നെ വെടിയേറ്റു മരിച്ചിരുന്നു.
Next Story

RELATED STORIES

Share it