അംബേദ്കറുടെ പാരമ്പര്യത്തിന് തുരങ്കംവച്ച കോണ്‍ഗ്രസ് മാപ്പു പറയണം: മോദി

മെഹൗ(മധ്യപ്രദേശ്): അംബേദ്കര്‍ ദിനാഘോഷത്തില്‍ കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനമഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ മഹത്തായ പാരമ്പര്യത്തിന് ആറ് പതിറ്റാണ്ടു തുരങ്കംവച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പു പറയണമെന്ന് മോദി ആവശ്യപ്പെട്ടു. അംബേദ്കറുടെ 125ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മധ്യപ്രദേശിലെ മെഹൗയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൊന്നും സ്മാരകങ്ങള്‍ നിര്‍മിക്കാത്തതെന്നു ചോദിച്ച മോദി അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നതെന്ന് അവകാശപ്പെട്ടു.
അംബേദ്കറിന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും മോദി വിശദീകരിച്ചു. ഡല്‍ഹിയില്‍ 26ാം നമ്പര്‍ ആലിപൂരിലെ അദ്ദേഹത്തിന്റെ വീട് സ്മാരകമാക്കി മാറ്റും. എന്നാല്‍, ചിലര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അയല്‍വീടുകളില്‍ നിന്നു വെള്ളംകോരി കൊണ്ടുവന്നിരുന്ന ഒരു അമ്മയുടെ മകന് ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ സാധിച്ചെങ്കില്‍ അതിനു കാരണം ബി ആര്‍ അംബേദ്കറാണ്.
അംബേദ്കറുടെ കാല്‍കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. സമുദായ സൗഹാര്‍ദം കൈവരിക്കണമെങ്കില്‍ അംബേദ്കറുടെ പാത പിന്തുടരണം. ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ 125ാം ജന്മദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു.
Next Story

RELATED STORIES

Share it