Kerala

അംബേദ്കര്‍ മാധ്യമ പുരസ്‌കാരം റെജി ജോസഫിനും എസ് മഹേഷ്‌കുമാറിനും

തിരുവനന്തപുരം: പട്ടികജാതി/വര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ചുളള ഏറ്റവും മികച്ച മാധ്യമ റിപോര്‍ട്ടിനും ഫീച്ചറിനുമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരത്തിന് ഈ വര്‍ഷം അച്ചടി മാധ്യമ വിഭാഗത്തില്‍ രാഷ്ട്രദീപികയുടെ സ്റ്റാഫ് കറസ്‌പോണ്ടന്റ് റെജി ജോസഫും ദൃശ്യമാധ്യമ വിഭാഗത്തില്‍ മനോരമ ന്യൂസിലെ മലപ്പുറം ലേഖകന്‍ എസ് മഹേഷ്‌കുമാറും അര്‍ഹരായതായി മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. ശ്രാവ്യ മാധ്യമ വിഭാഗത്തില്‍ ഈ വര്‍ഷം അര്‍ഹമായ എന്‍ട്രികളൊന്നും ലഭിച്ചില്ല. അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ദിനപത്രത്തിലെ ഒ മുസ്തഫയും ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ടിവിയിലെ വിധു വിന്‍സെന്റും പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹരായി. 30,000 രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായി 10,000 രൂപയും ശില്‍പവും നല്‍കും.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ശിശുമരണത്തെ സംബന്ധിച്ച് രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച അട്ടപ്പാടിയില്‍ മരണത്തിന്റെ താരാട്ട് എന്ന പരമ്പരയാണ് റെജി ജോസഫിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത വാടുന്ന ബാല്യം എന്ന റിപോര്‍ട്ടാണ് എസ് മഹേഷ്‌കുമാറിന് പുരസ്‌കാരം നേടിക്കൊടുത്തത്. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച എനാങ്കത്തു വരുവകാണി ഇച്‌കോളിലി (സ്‌കൂളില്‍ വരാത്തതെന്താ?) എന്ന റിപോര്‍ട്ടും, മീഡിയവണ്ണില്‍ പ്രക്ഷേപണം ചെയ്ത വൃത്തിയുടെ ജാതി എന്ന റിപോര്‍ട്ടുമാണ് യഥാക്രമം ഒ മുസ്തഫയ്ക്കും വിധു വിന്‍സെന്റിനും പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തത്. ഡോ. ബി ആര്‍ അംബേദ്കറുടെ പരിനിര്‍വാണ ദിനമായ ഡിസംബര്‍ ആറിന് കോഴിക്കോട് കെ പി കേശവമേനോന്‍ സ്മാരക ഹാളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it