thrissur local

മലയാളികള്‍ വാര്‍ത്തകള്‍ അറിയുക മാത്രമല്ല, വിശകലനം ചെയ്യുകയും ചെയ്യുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

കുന്നംകുളം: മലയാളികള്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുക മാത്രമല്ല വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇത് മലയാളത്തിന്റെ തനത് സംസ്‌കാരമാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുന്നംകുളം പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 11 ാമത് സംസ്ഥാനതല പ്രാദേശിക മാധ്യമ പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന പോസ്റ്റ് ട്രൂത്ത് മാധ്യമ സംസ്‌കാരം കേരളത്തിലും നിലയുറപ്പിച്ചുവെന്ന് ഇന്ന് വാര്‍ത്തകള്‍ കാണുമ്പോള്‍ മനസ്സിലാക്കുന്നുണ്ട്. കേരളീയ സമൂഹം ആകട്ടെ മുഴുവന്‍ സമയം സമൂഹ മാധ്യമങ്ങളുടെ അടിമകളായി മാറിയിരിക്കുകയാണ്. ഒരു മിനിറ്റു പോലും ഇടതടവില്ലാതെ സമൂഹ മാധ്യങ്ങളിലൂടെ മറ്റുള്ളവരെ വധിക്കാനുള്ള ശ്രമം നടത്തുകയാണ്. താന്‍ രണ്ട് വര്‍ഷമായി സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു. സമൂഹത്തില്‍  ഇറങ്ങിചെന്ന് ജനങ്ങളുടെ പ്രശ്‌നങ്ങളറിഞ്ഞ് വാര്‍ത്ത അവതരിപ്പിക്കാന്‍ കഠിന അധ്വാനം വേണം. വാര്‍ത്തകളെല്ലാം കേരളത്തിലെ ജനങ്ങള്‍ നല്ലവണ്ണം ചര്‍ച്ച ചെയ്യും. നവമാധ്യമങ്ങളില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതെന്ത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചിന്തിക്കേണ്ട സമയമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമൂഹ മാധ്യങ്ങളാണെന്നും ജെ എന്‍ യു വും കേരളത്തിലെ നഴ്‌സിങ്ങ് സമരങ്ങളുമുള്‍പ്പടേ ചൂഷണ വിമുക്തമായ നിലപാട് സ്വീകരിക്കാന്‍ നവ മാധ്യങ്ങള്‍ക്ക് സാധ്യമാകുന്നുണ്ടെന്നും മുഖ്യതിഥിയായി പങ്കെടുത്ത വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.  മാതൃഭൂമി വൈപ്പിന്‍ ലേഖകന്‍ സോജന്‍ വാളൂരിന് മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്‌ക്കാരം പ്രശസ്ത സാഹിത്യക്കാരന്‍ സി രാധാകൃഷ്ണന്‍ സമ്മാനിച്ചു. ബോയ്‌സ് സക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഡെന്നി പുലിക്കോട്ടില്‍ അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.ഹരികൃഷ്ണന്‍,  ദേശീയ സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍  ആദരിച്ചു.
Next Story

RELATED STORIES

Share it