ബംഗളൂരു സ്‌ഫോടന ഗൂഢാലോചന ; പോലിസ് ഭീഷണിപ്പെടുത്തി പറയിച്ചതെന്ന് സാക്ഷി

സ്വന്തം പ്രതിനിധി

ബംഗളൂരു: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ ബംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനയിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി. കേസിലെ 51ാം സാക്ഷിയും കുടക് ഗൂഢാലോചന കേസിലെ പ്രധാന സാക്ഷിയുമായ ലഗാരി ഹൊസാതോട്ടയിലെ റഫീഖാണ് ഇന്നലെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ വാദങ്ങള്‍ നിഷേധിച്ചത്.
2007ല്‍ കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറിനോടൊപ്പം ബംഗളൂരു സ്‌ഫോടന ഗൂഢാലോചനയില്‍ മഅ്ദനി പങ്കെടുത്തത് റഫീഖ് കണ്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തടിയന്റവിട നസീര്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ മഅ്ദനി പങ്കെടുത്തുവെന്നും അവിടെ നടന്ന ഗൂഢാലോചന താന്‍ കണ്ടുവെന്നും നസീറിന്റെ ഇഞ്ചിത്തോട്ടത്തിലെ തൊഴിലാളിയായ റഫീഖ് മൊഴി നല്‍കിയെന്നായിരുന്നു പോലിസ് കോടതിയെ അറിയിച്ചത്.
എന്നാല്‍, മഅ്ദനിയെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും കോടതിയില്‍ വച്ച് ആദ്യമായാണ് കാണുന്നതെന്നും റഫീഖ് ഇന്നലെ മൊഴി നല്‍കി. മഅ്ദനിക്കെതിരേ താന്‍ പോലിസിനു നേരത്തേ മൊഴി നല്‍കിയിട്ടില്ല. തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി പോലിസ് ചില വെള്ളപേപ്പറുകളില്‍ തന്നെക്കൊണ്ട്  ബലമായി ഒപ്പിടുവിച്ചു വാങ്ങിയിരുന്നു. മഅ്ദനിയെ കുടകില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ താന്‍ തിരിച്ചറിഞ്ഞുവെന്ന പ്രോസിക്യൂഷന്‍ വാദവും റഫീഖ് നിഷേധിച്ചു. സി.ആര്‍.പി.സി. 164 പ്രകാരമാണ് റഫീഖിന്റെ മൊഴി കോടതി രേഖപ്പെടുത്തിയത്.
ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു ഗൂഢാലോചന കേസുകളാണ് കര്‍ണാടക പോലിസ് മഅ്ദനിക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. കുടകിലും എറണാകുളത്തെ വസതിയിലും മഅ്ദനി ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കുടക് ഗൂഢാലോചന കേസില്‍ ഇന്നലെ കൂറുമാറിയ റഫീഖ് ഉള്‍പ്പെടെ നാലു സാക്ഷികളാണുള്ളത്. ഇതില്‍ ആര്‍.എസ്.എസുകാരനായ സാക്ഷി പ്രഭാകരന്‍ കഴിഞ്ഞ 28നു നടന്ന വിചാരണയില്‍ മഅ്ദനിക്കെതിരായാണ് മൊഴി നല്‍കിയത്.
ഇന്നലെ മഅ്ദനി കോടതിയില്‍ ഹാജരായിരുന്നു. കേസ് നവംബറിലേക്കു മാറ്റി.
Next Story

RELATED STORIES

Share it