ഹൗസ്‌ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; 28 സഞ്ചാരികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: ഹൗസ്‌ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇരു ബോട്ടുകളിലുമായി ഉണ്ടായിരുന്ന 28 സഞ്ചാരികളെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നുള്ള 28 അംഗസംഘം സഞ്ചരിച്ച ഹൗസ് ബോട്ടാണ് പള്ളാത്തുരുത്തി പള്ളിക്ക് സമീപം പമ്പയാറ്റില്‍ അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതോടെ പള്ളാത്തുരുത്തി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. സഞ്ചാരികളുമായി പോയ രണ്ടു നിലകളുള്ള ഹൗസ്‌ബോട്ട് മറ്റൊരു ഹൗസ് ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പലകകള്‍ തകര്‍ന്നു ബോട്ടിന്റെ പുറകുവശത്തുകൂടി വെള്ളം കയറി ബോട്ടുകള്‍ മുങ്ങാന്‍ തുടങ്ങി.
പള്ളാത്തുരുത്തി തീരത്തോട് അടുത്തായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തി ല്‍പെട്ട ബോട്ട് പെട്ടെന്ന് ഓടിച്ച് കരയിലേക്ക് കൊണ്ടുവന്നു. കരയിലെത്തിയപ്പോഴേക്കും ബോട്ടിന്റെ മുക്കാല്‍ ഭാഗത്തോളം മുങ്ങിയ നിലയിലായിരുന്നു. യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അപകടമുണ്ടായത്.
പള്ളിയിലെത്തിയ വിശ്വാസികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടില്‍ കുട്ടിക ള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നു. ഇടിച്ച ഒരു ബോട്ടില്‍ ഹൈദരാബാദില്‍ നിന്നുള്ള രണ്ടു കുടുംബാംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ബോട്ടില്‍ മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലായിരുന്നു. ഇയാളെ പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തു. പാക്കേജ് ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയവരായിരുന്നു അപകടത്തില്‍പെട്ടത്. സുരക്ഷിതമായി കരയിലെത്തിയ ഇവര്‍ പിന്നീട് അടുത്ത സ്ഥലത്തേക്കു തിരിച്ചു.
Next Story

RELATED STORIES

Share it