Idukki local

ഹോസ്റ്റല്‍ ലേബര്‍ ക്യാംപിനെക്കാള്‍ ശോച്യം



നെടുങ്കണ്ടം: പന്നിപ്പനിയെന്ന സംശയത്തെ തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നെടുങ്കണ്ടം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനികളെ വീട്ടിലേക്കു മടക്കിയയച്ചു. പന്നിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നഴ്‌സിങ് കോളജിലെ 20 വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചാല്‍ മാത്രമേ എന്‍1എച്ച്1 എന്നു സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വിദ്യാര്‍ഥിനികള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം, നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന നെടുങ്കണ്ടത്തെ ഹോസ്റ്റലിനെതിരേ ഗുരുതരമായ ആക്ഷേപമങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. 270 ല്‍ അധികം വിദ്യാര്‍ഥിനികളെയാണ് ഓരോ മുറിയിലും പത്തുമുതല്‍ 15 വരെ വീതം പാര്‍പ്പിച്ചിരുന്നത്. നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ഈ റൂമുകളില്‍ താമസിക്കുന്നതിന് ഓരോരുത്തരില്‍ നിന്നും പ്രതിമാസം മൂവായിരം രൂപയാണ് ബന്ധപ്പെട്ടവര്‍ വാങ്ങിയിരുന്നത്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും  ആവശ്യത്തിനുണ്ടായിരുന്നില്ല. ഹോസ്റ്റലിലെ ശോച്യാവസ്ഥ പുറത്തുപറഞ്ഞാല്‍ ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ നടപടി എടുക്കുമെന്നു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുണ്ട്. കോളജ് അധികൃതര്‍ അറിഞ്ഞുകൊണ്ടുള്ള ചൂഷണമാണ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് നടന്നിരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഹോസ്റ്റലിലെ മോശമായ അന്തരീക്ഷമാണ് വിദ്യാര്‍ഥിനികളെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് എത്തിച്ചതും. ആവശ്യത്തിനു കുടിവെള്ളംപോലും പലപ്പോഴും ലഭിക്കാറില്ല. ചിലപ്പോള്‍ മലിനജലമാവും ലഭിക്കുക. ഭക്ഷണവും വളരേ മോശം. താമസിക്കാന്‍ ലേബര്‍ ക്യാംപുകളില്‍ ഉള്ള സൗക്യര്യങ്ങള്‍ പോലുമില്ല, വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഗൗരവമായ നടപടിയുണ്ടാവുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നഴ്‌സിങ് കോളജുമായി ബന്ധപ്പെട്ട വിഷയത്തില്‍ നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടിട്ടുണ്ട്. ആരോഗ്യവിഭാഗം ഇടപെട്ട് പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനാണു നീക്കം. അതേസമയം, സംഭവം ഒതുക്കിത്തീര്‍ക്കാനും ഒരുവിഭാഗം നീക്കം നടത്തുന്നുണ്ട്. കുട്ടികളുടെ ഹോസറ്റല്‍ അടച്ചുപൂട്ടണമെന്നും പകരം സംവിധാനം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it