ഹോളോകാസ്റ്റ് പരാമര്‍ശം; നെതന്യാഹുവിനെതിരേ വന്‍ പ്രതിഷേധം

ജറുസലേം: ഫലസ്തീനി ഇസ്‌ലാമിക പണ്ഡിതന്റെ ആവശ്യപ്രകാരമാണ് ഹിറ്റ്‌ലര്‍ ജൂതരെ കൂട്ടക്കൊല നടത്തിയതെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം.
ജറുസലേമില്‍ കഴിഞ്ഞ ദിവസം നടന്ന ലോക സയണിസ്റ്റ് കോണ്‍ഗ്രസ്സിലെ പ്രഭാഷണത്തിലാണ് ജൂത കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഹിറ്റ്‌ലറില്‍ നിന്ന് ഫലസ്തീനുമേല്‍ കെട്ടിവയ്ക്കാന്‍ നെതന്യാഹു ശ്രമം നടത്തിയത്. ജൂതരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലറിനു താല്‍പര്യമുണ്ടായിരുന്നില്ല. യൂറോപ്പില്‍ നിന്നു പുറത്താക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
1941ല്‍ ഹിറ്റ്‌ലറുമായി കൂടിക്കാഴ്ച നടത്തിയ ഫലസ്തീന്‍ മുഫ്തി ഹാജ് അമീന്‍ അല്‍ ഹുസൈനി ജൂതന്മാരെ കൊന്നൊടുക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് ജൂതന്മാരോടുള്ള ഹിറ്റ്‌ലറുടെ നിലപാടു മാറ്റമെന്നായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രസ്താവന നടത്തിയ നെതന്യാഹുവിനെതിരേ ലോക നേതാക്കളും ജൂത ചരിത്രകാരന്മാരും ഇസ്രായേലി പൗരന്മാരും ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. നെതന്യാഹുവിന്റെ പ്രസ്താവനയെ പരിഹസിച്ച് ഇസ്രായേലികള്‍ രംഗത്തെത്തി. യൂറോപ്പിലെ ജൂതന്മാരെ കൈകാര്യം ചെയ്യാന്‍ ഹിറ്റ്‌ലര്‍ക്ക് ഒരാളുടെ ഉപദേശം വേണ്ടിവന്നുവെന്ന വാദം അദ്ഭുതപ്പെടുത്തിയെന്ന് ബ്രിട്ടിഷ് ജൂത ഹാസ്യതാരം ഡേവിഡ് സ്‌നൈഡര്‍ പരിഹസിച്ചു.
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലര്‍ക്ക് ഹുസൈനിയുടെ ഉപദേശം വേണ്ടിവന്നുവെന്ന വാദം കള്ളമാണെന്നും ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരമൊന്നു കാണാനാവില്ലെന്നും ലെസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ ജൂത ചരിത്രവിഭാഗം റീഡര്‍ ക്ലോഡിയ പ്രെസ്റ്റല്‍ പറഞ്ഞു. ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുമ്പോഴാണ് മുഫ്തി ബെര്‍ലിനിലെത്തുന്നത്.
രണ്ടാം ലോകയുദ്ധത്തിനിടെ നടന്ന ജൂത കൂട്ടക്കൊലകളിലേറെയും മുഫ്തിയുടെ സന്ദര്‍ശനത്തിനു മുമ്പാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. ചരിത്രകാരന്റെ ചരിത്രമറിയാത്ത മകനെന്നാണ് നെതന്യാഹുവിനെ ഇസ്രായേലി സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it