Flash News

ഹോര്‍ട്ടികോര്‍പ് മുഖേന ശീതകാല പച്ചക്കറി സംഭരണം : പദ്ധതി ഉദ്ഘാടനം ഇന്ന് കോവിലൂരില്‍



തൊടുപുഴ: ഇടുക്കിയിലെ ശീതകാല പച്ചക്കറികള്‍ പൂര്‍ണമായും ഹോര്‍ട്ടികോര്‍പ് മുഖേന സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ദിവസേന സംഭരിക്കുന്ന പച്ചക്കറികളുടെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ അതത് ദിവസം നിക്ഷേപിക്കും. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കും ഹോര്‍ട്ടികോര്‍പില്‍ നിന്ന് പച്ചക്കറി ശേഖരിക്കണമെന്ന് നിര്‍ദേശമുണ്ട്.ഹോര്‍ട്ടികോര്‍പിന്റെ അവഗണനമൂലം കടക്കെണിയിലായ വട്ടവടയിലെയും സമീപ പഞ്ചായത്തുകളിലെയും ശീതകാല പച്ചക്കറി കര്‍ഷകരുടെ ജീവിതദുരിതം വാര്‍ത്തയായിരുന്നു. പച്ചക്കറി സംഭരിക്കാതെയും ന്യായവില നിഷേധിച്ചും വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്ക്ക് വിരാമമിടുന്നതാണ് കൃഷിവകുപ്പിന്റെ പുതിയ പദ്ധതി. ഓണക്കാലത്തു മാത്രമല്ല, ദിവസേന വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ നിന്നുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന സംഭരിക്കാനാണു തീരുമാനം. നാല് റീജ്യനല്‍ മാനേജര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസി (വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍) സ്റ്റാളുകള്‍ വഴി പച്ചക്കറി വിറ്റഴിക്കും. സ്‌കൂളുകളിലും ഹോര്‍ട്ടികോര്‍പ് പച്ചക്കറിയെത്തിക്കും. വ്യാപാരികള്‍ക്കും വിഷരഹിത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പില്‍ നിന്ന് നേരിട്ട് സംഭരിക്കാം. സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് ന്യായവില ഉറപ്പാക്കി ആ തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു ദിവസത്തിനുള്ളില്‍ നിക്ഷേപിക്കാനാണ് തീരുമാനം. ഓണം ലക്ഷ്യമിട്ടിറക്കുന്ന കൃഷിക്ക് സബ്‌സിഡി നല്‍കാനുള്ള കൃഷിവകുപ്പിന്റെ തീരുമാനം തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നു കര്‍ഷകരെ രക്ഷിക്കും. വട്ടവടയില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആര്‍കെവിവൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) പദ്ധതി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ശീതകാല പച്ചക്കറികൃഷിക്കുള്ള അഞ്ചുകോടി രൂപയുടെ മണ്ണുസംരക്ഷണ- ജലസേചന പദ്ധതികളുടെയും കേരള ഗ്രാമീണ്‍ ബാങ്ക് മുഖാന്തരം ശീതകാല പച്ചക്കറി കര്‍ഷകര്‍ക്കുള്ള വായ്പാവിതരണത്തിന്റെയും ഉദ്ഘാടനം ഇന്ന് 11.30ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കോവിലൂരില്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it